ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് ദിവസം മാത്രം; നാലാം ദിവസത്തെ യാത്ര കാണാമറയത്തേയ്ക്ക്, തീരാനോവായി ദേവീകൃഷ്ണ

ചാലക്കുടി: അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്ന് ദിവസം മാത്രം കഴിഞ്ഞൊള്ളൂ. നാലാം ദിവസത്തെ യാത്ര അവസാനിച്ചതാകട്ടെ വൻ ദുരന്തത്തിലും. ബിരുദധാരിയായ ദേവീകൃഷ്ണ റെയിൽവെ സ്റ്റേഷനു സമീപം അമ്പലനടയിലെ ഒരു കംപ്യൂട്ടർസ്ഥാപനത്തിലാണ് ജോലിക്ക് കയറിയിരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു പരിക്കേറ്റ പൗഷയുടെ ജോലി. ദേവീകൃഷ്ണയുടെ വിയോഗം വീടിനും നാടിനും വിശ്വസിക്കാനായിട്ടില്ല. കൺമുൻപിൽ കണ്ട ദുരന്തത്തിന്റെ പകപ്പിൽ നിന്നും ഇനിയും സുഹൃത്തുക്കൾ മുക്തരായിട്ടില്ല.

‘ഗ്രാജ്വേറ്റ് ചായ്വാല’! പ്രിയങ്കയുടെ ചായ കുടിയ്ക്കാനെത്തി വിജയ് ദേവരക്കൊണ്ടെ, വൈറല്‍

ശനിയാഴ്ച രാവിലെ 9.15-ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് 300 മീറ്റർ വടക്ക് പറയൻതോടിനു കുറുകെയുള്ള പാലക്കുഴി പാലത്തിലാണ് അപകടമുണ്ടായത്. ദിവസവും പോകുന്ന റോഡിൽ വെള്ളം കയറിയതിനാൽ യാത്ര തീവണ്ടിപ്പാളത്തിലൂടെയാക്കി. വെള്ളപ്പൊക്കസമയത്ത് വി.ആർ. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നത് റെയിൽവെ ട്രാക്ക് വഴിയാണ്. അപകടത്തിൽപ്പെട്ടവരും ആ പാത പിന്തുടർന്നു. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് മഴയും പ്രളയഭീഷണിയുമൊക്കെയുണ്ടായിട്ടും ഇവരെ തൊഴിൽശാലകളിലേക്ക് മുടങ്ങാതെ പോകാൻ പ്രേരിപ്പിച്ചത്.

പാലത്തിലേക്ക് കയറും മുമ്പ് ലാലിക്ക് ഒരു ഫോൺ വന്നതിനെ തുടർന്ന് ഒരു വശത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈ സമയം ദേവീകൃഷ്ണയും പൗഷയും മുന്നോട്ടു നടന്ന് പാലത്തിലേക്ക് കയറി. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ കുട മുന്നോട്ട് ചരിച്ചുപിടിച്ചിരുന്നു. ഇതിനിടയിൽ, തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പ്രതിവാര എക്സ്പ്രസ് വന്നത് ശ്രദ്ധിച്ചില്ല. അടുത്തെത്താറായ തീവണ്ടി കണ്ടപ്പോൾ പാലത്തിൽ കയറി നിൽക്കാവുന്ന സ്ഥലത്തേക്ക് എത്താനുള്ള സാവകാശവും ഇവർക്ക് കിട്ടിയില്ല.

തീവണ്ടിയും ഇവരും തമ്മിൽ കഷ്ടിച്ച് അരമീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാൻ പരമാവധി അകലത്തേക്ക് നിൽക്കാനുള്ള ശ്രമത്തിനിടെ ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു. പാലത്തിനടിയിലെ തോടിന് സമാന്തരമായുള്ള റോഡിലേക്കാണ് ഇരുവരും വീണത്. എന്നാൽ, കനത്ത മഴയിൽ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന കമ്പിയിലേക്ക് വീണ ദേവീകൃഷ്ണ ചെളിയിലേക്ക് താഴുകയും ചെയ്തു.

പൗഷ വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്തു. ഇതുകണ്ട ലാലി ബഹളം വെച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. പൗഷയെ രക്ഷിച്ചു. ദേവീകൃഷ്ണയെ ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്ത് അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിന് വിസ ശരിയായത്.

Exit mobile version