മന്ത്രി വീണാ ജോർജ്ജിന്റെ മിന്നൽപരിശോധന; ഹാജർ ബുക്കിൽ 17 ഡോക്ടർമാർ, ഒപിയിലുള്ളത് 2 പേരും! വിശദീകരണമില്ലാതെ കുഴഞ്ഞ് സൂപ്രണ്ട്, സ്ഥലംമാറ്റം

Minister veena george | Bignewslive

തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ മന്ത്രി വീണാ ജോർജ് മിന്നൽ പരിശോധന നടത്തി. അപ്രതീക്ഷിത സന്ദർശനത്തിൽ തെറിച്ചത് ആശുപത്രി സൂപ്രണ്ടും. ആശുപത്രിയിലെ വീഴ്ചകൾ ബോധ്യപ്പെട്ടതോടെയാണ് സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയത്.

മതിയായ സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടർമാരുടെ സേവനമില്ല, മരുന്നില്ല തുടങ്ങിയ പരാതികൾ രോഗികൾ നേരിട്ട് മന്ത്രിയോട് ചോദിച്ചറിയുകയും, ഇതിൽ വിശദീകരണം നൽകാൻ സൂപ്രണ്ടിന് കഴിയാതെയും വന്നതോടെയാണ് ഉടനടി നടപടി സ്വീകരിച്ചത്. ഒ.പി. വിഭാഗത്തിലാണ് മന്ത്രി ആദ്യമെത്തിയത്. അവിടെ ആകെ രണ്ട് ഡോക്ടർമാരേ ഉണ്ടായിരുന്നുള്ളൂ. മന്ത്രി ഹാജർ ബുക്ക് പരിശോധിച്ചു. ആകെ 17 ഡോക്ടർമാരാണിവിടെയുള്ളത്.

അമിതപലിശയും ലാഭവും വാഗ്ദാനം ചെയ്ത് പോലീസുകാരിൽ നിന്നും തട്ടിയത് ഒന്നരക്കോടി രൂപ; പണവുമായി മുങ്ങിയ മുൻ പോലീസുകാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

ഹാജർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശുപത്രിയിൽ ഇവരെ കാണാത്തതിനെക്കുറിച്ച് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചെങ്കിലും അതിനും സൂപ്രണ്ടിന് മറുപടിയുണ്ടായിരുന്നില്ല. ഇതോടൊപ്പം ബ്ലഡ് ബാങ്ക് തുറക്കാത്തതിലുള്ള അമർഷവും മന്ത്രി രേഖപ്പെടുത്തി. മന്ത്രിയുടെ സന്ദർശന വിവരമറിഞ്ഞ് ജനപ്രതിനിധികളും എത്തി.

ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ചേർന്ന് അപാകതകൾ ചർച്ചചെയ്യാറുണ്ടെങ്കിലും പരിഹാരം കാണാറില്ലെന്ന് ജനപ്രതിനിധികളും പറഞ്ഞു. പരാതികൾ കേട്ട് സൂപ്രണ്ടിനോട് മന്ത്രി ക്ഷുഭിതയായി. ഗ്യാസിനുള്ള മരുന്നുപോലും ഫാർമസിയിൽനിന്നും രോഗികൾക്ക് നൽകുന്നില്ലെന്നും പരാതി ഉയർന്നു. ഡോക്ടർമാർ രോഗികൾക്ക് നൽകിയ കുറിപ്പടിയുടെ ഫോട്ടോ മന്ത്രി ഫോണിലേയ്ക്ക് നേരിട്ട് പകർത്തി. ഫാർമസി വിഭാഗത്തിലെ മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം കൈമാറി.

കൂടാതെ, രാത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നൽകാതെ മറ്റ് ആശുപത്രികളിലേക്ക് റഫർചെയ്യുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു. ഒരു മണിക്കൂറെടുത്ത പരിശോധന പൂർത്തിയാക്കി 12 മണിയോടെയാണ് മന്ത്രി മടങ്ങിയത്.

Exit mobile version