ശ്രീകൃഷ്ണ കോളേജില്‍ മരം വീണ് ജീവിതം വീല്‍ച്ചെയറിലായി; സുധിലയെ ചേര്‍ത്ത് പിടിച്ച് സ്ഥിരം നിയമനം നല്‍കി ദേവസ്വം

ഗുരുവായൂര്‍: അപകടത്തില്‍ ശരീരം തളര്‍ന്ന സുധിലയ്ക്ക് താങ്ങായി ഗുരുവായൂര്‍ ദേവസ്വം. ക്ലര്‍ക്കായി സ്ഥിരം നിയമനം നല്‍കിയിരിക്കുകയാണ് ദേവസ്വം. വ്യാഴാഴ്ച വീട്ടുകാരുടെ കൂടെ എത്തി ക്ലാര്‍ക്കായി നിയമിച്ചതിന്റെ ഉത്തരവ് കൈപ്പറ്റി.

ആറു വര്‍ഷം മുമ്പ് ദേവസ്വത്തിന്റെ ശ്രീകൃഷ്ണ കോളേജില്‍ മരം വീണാണ് സുധിലയ്ക്ക് അപകടം പറ്റിയത്. പിന്നീടുള്ള സുധിലയുടെ ജീവിതം ചക്രക്കസേരയിലായിരുന്നു. ആര്‍ത്താറ്റ് കാണിപ്പയ്യൂര്‍ വീട്ടില്‍ സുരേഷിന്റെയും അനിതയുടെയും മകളാണ് സുധില (26).

2016 ഫെബ്രുവരി 18-നായിരുന്നു അപകടം. അന്ന് കോളേജില്‍ ഡിസോണ്‍ കലോത്സവം നടക്കുകയായിരുന്നു. കലോത്സവത്തില്‍ പങ്കെടുക്കുന്ന ഉറ്റകൂട്ടുകാരി അനുഷയ്ക്ക് പാട്ട് പരിശീലിക്കാനായി കോളേജിലെ വൈശാലിപ്പാറയില്‍ ഇരിക്കുകയായിരുന്നു. മരം വീണപ്പോള്‍ അടിയില്‍പ്പെട്ട അനുഷയെ മരണം തട്ടിയെടുത്തു. സുധിലയ്ക്കും മറ്റൊരു കൂട്ടുകാരി ലയനയ്ക്കും ഗുരുതരമായ പരിക്കേറ്റു. നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് ചികിത്സകള്‍ നിരവധി നടത്തി.

പിന്നീട് വീല്‍ചെയറിന്റെ സഹായത്താല്‍ കഴിയുമ്പോഴും തുടര്‍പഠനവും ജോലിയും ഓണ്‍ലൈനില്‍ നടത്തി. 2020-ല്‍ ബി.എ. ഇക്കണോമിക്സ് പാസായി. കാണിപ്പയ്യൂരില്‍ വാടകവീട്ടിലായിരുന്നു താമസം. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് എ.സി. മൊയ്തീന്‍ മന്ത്രിയായിരുന്നപ്പോള്‍ ചീരംകുളങ്ങര ക്ഷേത്രത്തിനടുത്ത് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കി. ചികിത്സയ്ക്ക് വലിയ സംഖ്യ ചെലവായതിനാല്‍ കുടുംബത്തെ സഹായിക്കാനായി പലരും മുന്നോട്ടുവന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23-ന് സുധിലയ്ക്ക് ദേവസ്വത്തില്‍ സ്ഥിരജോലി നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സുധില ചക്രക്കസേരയിലിരുന്ന് ദേവസ്വം ഓഫീസിലെത്തി. അച്ഛന്‍ സുരേഷും, അമ്മ അനിതയും, സഹോദരങ്ങളായ അനീഷയും സുദേവും ഒപ്പമുണ്ടായി.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയനില്‍ നിന്ന് നിയമന ഉത്തരവ് കൈപ്പറ്റുമ്പോള്‍ ആ കുടുംബത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. മരണം കൊണ്ടുപോയ കൂട്ടുകാരി അനുഷയെ കൂടിയാണ് ഓര്‍മയില്‍ തെളിയുന്നതെന്ന് ഉത്തരവ് കൈപ്പറ്റുമ്പോള്‍ സുധില പറഞ്ഞു.

ഭരണസമിതിയംഗങ്ങളായ കെ.വി. മോഹനകൃഷ്ണന്‍, ചെങ്ങറ സുരേന്ദ്രന്‍, സി. മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവരും ഉണ്ടായി.

Exit mobile version