മീന്‍ കച്ചവടക്കാരന് 75 ലക്ഷം ലോട്ടറിയടിച്ചു: ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഓടിയെത്തി ഭാഗ്യവാനെ കണ്ട് നിത്യ മേനന്‍

ലോട്ടറി നറുക്കെടുപ്പ് നിരവധി പേരെ ലക്ഷാധിപന്‍മാരും കോടീശ്വരന്‍മാരും ആക്കിയിട്ടുണ്ട്. ലോട്ടറിയടിച്ച ലക്ഷാധിപതിയെ കാണാന്‍ ഓടിയെത്തിയ നടി നിത്യ മേനനാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വാര്‍ത്തകളില്‍ കൂടിയല്ലാതെ നടി നിത്യ ഇതുവരെ ലോട്ടറി ജേതാവിനെ നേരിട്ട് കണ്ടിട്ടില്ല.

എന്നാല്‍ പിന്നെ കണ്ടിട്ടു തന്നെ കാര്യം. താരം നേരെ ഭാഗ്യവാനെ തിരഞ്ഞ് ഇറങ്ങി. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്. 9 (1) (എ) എന്ന ചിത്രത്തില്‍ നിന്നുള്ള രസകരമായ ലൊക്കേഷന്‍ വീഡിയോയില്‍ ആണ് നിത്യ ഭാഗ്യവാനെ കണ്ടുമുട്ടുന്ന രംഗമുള്ളത്.

ചിത്രീകരണ സ്ഥലത്തിനരികെയുള്ള മീന്‍ കച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യയാണ് വീഡിയോയില്‍. മീന്‍ കച്ചവടം നടത്തുന്ന ആള്‍ക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ഭാഗ്യവാനെ നേരിട്ടു കാണാന്‍ കടയില്‍ എത്തിയതാണ് നിത്യ.

”മീന്‍ ചേട്ടനൊപ്പം സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരി കഴിക്കുന്നു. മുന്നില്‍ മീനുകളെയും കാണാം. ഞങ്ങളുടെ സംസാരം എന്തെന്നു പറയാം. ഷൂട്ടിങിനിടെ ഇവിടെയുള്ള മീന്‍ ചേട്ടന് 75 ലക്ഷം ലോട്ടറിയടിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. അതാണ് എന്നില്‍ ആകാംക്ഷ ജനിപ്പിച്ചത്. കാരണം ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷേ ചേട്ടന്‍ ലോട്ടറിയടിച്ചെന്ന കാര്യം എന്നോട് സമ്മതിച്ചില്ല.”വീഡിയോയ്‌ക്കൊപ്പം നിത്യ കുറിച്ചു.

വിജയ് സേതുപതി, നിത്യ മേനന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് 19 (1) (എ). സംഭാഷണങ്ങളുടെ ബാഹുല്യമില്ലാതെ മികച്ച അഭിനേതാക്കളിലൂടെയും ദൃശ്യങ്ങളിലൂടെയും രാഷ്ട്രീയം പറയുന്ന സിനിമ ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്.

Exit mobile version