കൊല്ലം കോർപ്പറേഷൻ ‘വന്ധ്യംകരിച്ച’ തെരുവുനായ പ്രസവിച്ചു; ജന്മം നൽകിയത് ആറ് കുഞ്ഞുങ്ങൾക്ക്! ഭക്ഷണം നൽകി സംരക്ഷിച്ച് നാട്ടുകാർ

കൊല്ലം: തെരുവുനായ വന്ധ്യംകരണ പദ്ധതിപ്രകാരം മാസങ്ങൾക്കുമുമ്പ് ‘വന്ധ്യംകരിച്ച’ നായ പ്രസവിച്ചു. ആറ് കുഞ്ഞങ്ങൾക്കാണ് നായ ജന്മം നൽകിയത്. കൊല്ലം കോർപ്പറേഷന്റെ പോളയത്തോട് വ്യാപാരസമുച്ചയത്തിനുസമീപമാണ് നായ പ്രസവിച്ചത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി കഴിയുന്നു. നാട്ടുകാരാണ് ഭക്ഷണം നൽകി സംരക്ഷിക്കുന്നത്.

‘ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല’; സോണിയാ ഗാന്ധിയെ സ്മൃതി ഇറാനി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്

വ്യാപാരസമുച്ചയത്തിനുസമീപം വർഷങ്ങളായി കഴിയുന്ന നായയാണ് പ്രസവിച്ചത്. എല്ലാവരോടും നല്ല ഇണക്കത്തിലുമായിരുന്നു ഈ നായക്കുട്ടി. മാർച്ചിലാണ് കൊല്ലം കോർപ്പറേഷൻ തെരുവുനായവന്ധ്യംകരണപദ്ധതി ഊർജിതമാക്കിയത്. ഡോഗ് ഹാൻഡ്‌ലർമാരെയും ഡോക്ടർമാരെയും ഇതിനായി നിയോഗിക്കുകയും ചെയ്തു.

അഞ്ചാലുംമൂട് മൃഗാശുപത്രിയിലാണ് നായകളുടെ വന്ധ്യംകരണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ച നായകളെ ഇവിടെവെച്ച് വന്ധ്യംകരിച്ചു. പോളയത്തോട്ടിൽനിന്നുള്ള നായയെയും കൂട്ടത്തിൽ കൊണ്ടുപോയി. ദിവസങ്ങൾക്കുശേഷം നായയെ തിരികെ കൊണ്ടുവിടുകയും ചെയ്തു. ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിയാനായി ചെവിയിൽ അടയാളപ്പെടുത്തലും നടത്തിയിരുന്നു.

ഇടയ്ക്ക് വയറിലെ മുറിവുമൂലം അവശനിലയിൽ കഴിഞ്ഞ നായയ്ക്ക് നാട്ടുകാർ ചികിത്സ നൽകുകയും ചെയ്തിരുന്നു. സുഖംപ്രാപിച്ചശേഷം നായ പോളയത്തോട്ടിലും പരിസരത്തും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണം നൽകാനെത്തിയവരാണ് നായ പ്രസവിച്ചുകിടക്കുന്നതു കണ്ടത്.

അതേസമയം, നായയെ വന്ധ്യംകരിക്കാതെയാണ് തിരികെക്കൊണ്ടുവിട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. കോർപ്പറേഷൻ മാർച്ചിൽ ധൃതിപ്പെട്ടാണ് വന്ധ്യംകരണപദ്ധതി നടപ്പാക്കിയതെന്നും വന്ധ്യംകരണത്തിന് കൃത്യമായ മേൽനോട്ടമുണ്ടായില്ലെന്നും ആരോപണം ഉയർന്നു. സംഭവം സംബന്ധിച്ച് കോർപ്പറേഷൻ അധികൃതർ റിപ്പോർട്ട് തേടി. വന്ധ്യംകരണപദ്ധതി നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version