‘അട്ടപ്പാടിക്കാര്‍ക്ക് അഭിമാനം’: കഷ്ടപ്പെടുന്ന സമയത്താണ് അവസരം തന്നത്, സച്ചി സാറിന് നന്ദി പറഞ്ഞ് നഞ്ചിയമ്മ

പാലക്കാട്: ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം അറിയിച്ച് പിന്നണി ഗായിക നഞ്ചിയമ്മ. അവാര്‍ഡ് കിട്ടിയതില്‍ അട്ടപ്പാടിക്കാര്‍ക്ക് അഭിമാനം, സച്ചി സാറിന് നന്ദിയെന്നും നഞ്ചിയമ്മ പറഞ്ഞു.

സച്ചി സാര്‍ കാരണമാണ് ഞാന്‍ ഇതുവരെ എത്തിയത്. പല ജോലികള്‍ ചെയ്ത് കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാര്‍ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദേഹത്തിനെ ജീവിതത്തില്‍ മറക്കില്ല. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു.

‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനത്തിന്റെ ശബ്ദത്തിന് ദേശീയ പുരസ്‌കാരവും. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം നാഞ്ചിയമ്മ നേടിയിരുന്നു. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു.

ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തില്‍ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ ആണ് താമസിക്കുന്നത്.

സൂരറൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാര്‍. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അര്‍ഹനായി.അന്തരിച്ച സംവിധായകന്‍ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

Exit mobile version