ഹൃദയത്തിൽ ശ്രീകൃഷ്ണ: ആറ് പതിറ്റാണ്ടിലെ തലമുറകളെ ഒരേ വേദിയിൽ കാത്ത് ശ്രീകൃഷ്ണ കോളേജ്; ഗ്രാൻഡ് അലുംനി റീയൂണിയൻ ജൂലായ് 17 ,18

അരികന്നിയൂര്‍: ശ്രീകൃഷ്ണ കോളേജില്‍ വെച്ച് ഹൃദയത്തില്‍ ശ്രീകൃഷ്ണ എന്ന പേരില്‍ 1964 മുതല്‍ 2022 വരെ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗ്ലോബല്‍ ഗ്രാന്‍ഡ് റീയൂണിയന്‍ പ്രോഗ്രാമും അന്‍പത്തെട്ടാമത് സ്ഥാപിത ദിനാഘോഷവും ജൂലായ് 17,18 തീയതികളില്‍ സംഘടിപ്പിക്കുകയാണ്.

ആദ്യമായാണ് കോളേജ് ഒഫീഷ്യല്‍ ആയി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടു ദിവസവും ഉത്സവാന്തരീക്ഷത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ‘ഹൃദയത്തില്‍ ശ്രീകൃഷ്ണയുടെ’ ആദ്യ ദിവസം, മുന്‍ പ്രിന്‍സിപ്പള്‍മാരെയും അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്ന ഗുരുവന്ദനം, പ്രഥമ പ്രതിഭാ അവാര്‍ഡ് ദാനം, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ആദരം,സമാദരം പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാ പരിപാടികള്‍, പ്രമുഖ ബാന്‍ഡായ ആല്‍മരം ഒരുക്കുന്ന മ്യൂസിക് പ്രോഗ്രാം.

രണ്ടാം ദിവസമായ സ്ഥാപക ദിനത്തില്‍ കേക്ക് കട്ടിങ്, ആദ്യ ബാച്ചുകളില്‍ പഠിച്ചവരെ ആദരിക്കുന്ന പടവുകള്‍, കുടുംബസംഗമം, പ്രസീത ചാലക്കുടിയുടെ ഫോക്ക്&റോക്ക് സംഗീത വിരുന്ന്, കൂടാതെ മുന്‍ കോളേജ് മാഗസിനുകളുടെ പ്രദര്‍ശനം, ഫോട്ടോ ബൂത്തുകള്‍, വിദ്യാര്‍ത്ഥികളുടെ ഒപ്പുകളും സര്‍ഗാത്മതകളും ശേഖരിക്കുന്ന അടയാളം ചുമര്‍ മാഗസിന്‍, ഓര്‍മ്മ കുറിപ്പുകളും കഥകളും കവിതകളും ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന സ്‌പെഷല്‍ മാഗസിന്‍, ബുക്ക് ഫെസ്റ്റിവല്‍, ഫുഡ് ഫെസ്റ്റിവല്‍, ഫ്‌ളാഷ് മൊബ്, കൂട്ടയോട്ടം, ഫ്രീ മെഡിക്കല്‍ ചെക്കപ്പ്, വിളംബര ജാഥ, രക്തദാന സേന രൂപീകരണം ,ഹരിതകം -നാളെക്കൊരു തണല്‍, കവിയരങ്ങ്, മെഹന്തി -വള കൗണ്ടര്‍ ,പ്രോഗ്രാം ലോഗോ ആലേഖനം ചെയ്ത ടീഷര്‍ട്ട് ,തൊപ്പി തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ഹൃദയത്തില്‍ ശ്രീകൃഷ്ണ സംഘടിപ്പിക്കപ്പെടുന്നത്.

പ്രോഗ്രാം ഷെഡ്യൂള്‍ ചുരുക്കത്തില്‍ :

ജൂലായ് 17 ഞായറാഴ്ച്ച കാലത്ത് 10.00ന് ശ്രീ. എം ബി രാജേഷ് (ബഹു കേരള നിയമസഭ സ്പീക്കര്‍) ഹൃദയത്തില്‍ ശ്രീകൃഷ്ണ ഉദ്ഘാടനം ചെയ്യും. ശ്രീ. ടി എന്‍ പ്രതാപന്‍എം പി, മുരളി പെരുനെല്ലി എം എല്‍ എ, മുഖ്യാതിഥികള്‍ ആയി പങ്കെടുക്കും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രൊഫ വി കെ വിജയന്‍,ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ കോളേജില്‍ ഉണ്ടാക്കുന്ന പാര്‍ക്കിന്റെ നിര്‍മാണത്തിലേക്ക് ഗുരുവായൂരപ്പന്റെ ഥാര്‍’സ്വന്തമാക്കിയ ദുബൈ വ്യവസായി വിഘ്‌നേഷ് വിജയകുമാര്‍, 2 ലക്ഷം രൂപയുടെ ചെക്ക് പ്രിന്‍സിപ്പലിന് കൈമാറും.

11.30 ന് ഗുരുവന്ദനം ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉത്ഘാടനം ചെയ്യും. ചടങ്ങില്‍ കോഴിക്കോട് സാമൂതിരിയായ കോട്ടക്കല്‍ കിഴക്കേ കോവിലകം മാനവിക്രമന്‍ എന്ന കുഞ്ഞുണ്ണിരാജ മകള്‍ മുല്ലശ്ശേരി ശ്രീദേവി പുഷ്‌കരാക്ഷ മേനോന്‍ (86 വയസ്സ്) പങ്കെടുക്കും.

ഉച്ചക്ക് ശേഷം 3 മണിക്ക് പ്രതിഭാ സംഗമം ബഹു പൊതുമരാമത്ത് -ടൂറിസം-യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്യും ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു , ശ്രീ എന്‍ കെ അക്ബര്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.

ജൂലായ് 18 ന് സ്ഥാപിത ദിനാഘോഷം കാലത്ത് 10 ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രൊഫ വി കെ വിജയന്‍ ഉത്ഘാടനം ചെയ്യും. അനുബന്ധ പരിപാടികളായി ജൂലായ് 12 ചൊവ്വാഴ്ച്ച 2 മണിക്ക് മിനി ഓഡിറ്റോറിയത്തില്‍ കവിയരങ്ങ് സംഘടിപ്പിക്കും .കല്പറ്റ നാരായണന്‍ ഉത്ഘാടനം ചെയ്യും.

പ്രചാരണത്തിന്റെ ഭാഗമായി ജൂലായ് 13 ന് കാലത്ത് 10 മണിക്ക് കോളേജില്‍ നിന്ന് ആരംഭിച്ച് കൂനാമൂച്ചി, അരികന്നിയൂര്‍ വഴി കോളേജില്‍ തന്നെ സമാപിക്കുന്ന കൂട്ടയോട്ടം, ജൂലായ് 14 ന് ചിത്ര രചന മത്സരം, ജൂലായ് 15 വെള്ളിയാഴ്ച്ച നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍,കുന്നംകുളം ,ഗുരുവായൂര്‍, ചാവക്കാട്, കേച്ചേരി, പാവറട്ടി, മറ്റം, കൂനാമൂച്ചി, ചൂണ്ടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫ്ളാഷ്‌മൊബുകള്‍, ജൂലായ് 15 വെള്ളിയാഴ്ച്ച 10 മണിക്ക് വിളംബര ജാഥ എന്നീ പരിപാടികളും സംഘടിപ്പിക്കും.

പത്ര സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.എം കെ ഹരിനാരായണന്‍, സംഘാട സമിതി ചെയര്‍മാന്‍ ഡോ പി എസ് വിജോയ് ,സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ ഐ ഷെബീര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഡോ ടി നിശാന്ത്,പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സജീപ് എം പി എന്നിവര്‍ പങ്കെടുത്തു.

Exit mobile version