അധ്വാനിയായ മണിക്കുട്ടനും തട്ടുകടയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടത്; പ്രതിസന്ധിയിലും പുതുക്കി പണിത വീട്ടിൽ താമസിക്കാനായത് ഒറ്റദിവസം; അഞ്ചുപേരും വീട്ടിൽ വീണ്ടുമൊരിക്കൽ എത്തിയത് ജീവനറ്റ്

കല്ലമ്പലം: നാട്ടുകാരുടെ പ്രിയപ്പെട്ട തട്ടുകടയായിരുന്നു മണിക്കുട്ടന്റേത്. ഉച്ചയ്ക്ക് തുറക്കുന്ന കടയിലെ ബീഫും പൊറോട്ടയും പുട്ടും ചായയും കറികളുമെല്ലാം തേടി ദൂരെ നിന്നുപോലും ആളുകളെത്തിയിരുന്നു. സ്ഥാരമായി കഴിക്കുന്നവരും ഏറെ. വളരെ അധ്വാനിയായിരുന്ന മണിക്കുട്ടൻ പാതിരാത്രി വരെ കട തുറന്നുവെയ്ക്കും. ഇതിനിടെയാണ് ആരോ വൃത്തിയെ കുറിച്ച് പരാതി നൽകിയത്.

സ്ഥിരമായി ഭക്ഷണം കഴിക്കുന്നവർക്ക് അത്തരം പരാതി ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ആരോ നൽകിയ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി വകുപ്പ് പരിശോധന നടത്തുകയും മണിക്കുട്ടന്റെ കടയ്ക്ക് രജിസ്‌ട്രേഷൻ ഹാജരാക്കത്തതിന്റെ പേരിൽ 5000 രൂപ പിഴയിടുകയും ചെയ്തിരുന്നു. നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെ തന്നെ പണമടച്ച് കടയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ശനിയാഴ്ച കട തുറക്കാനിരുന്നതുമാണ്. എന്നാൽ നാടിനെ നടുക്കിക്കൊണ്ട് ശനിയാഴ്ച രാവിലെയാണ് മണിക്കുട്ടനും കുടുംബവും ഒന്നടങ്കം ഇല്ലാതായെന്ന വാർത്ത പുറംലോകത്തെത്തിയത്.

തടിക്കച്ചവടവും തട്ടുകടയും തമിഴ്‌നാട്ടിൽ പാട്ടത്തിന് ഭൂമി എടുത്ത് കൃഷി നടത്തുകയും ഒക്കെ ചെയ്ത് ജീവിതത്തെ ശുഭപ്രതീക്ഷയോടെ മാത്രം കണ്ടിരുന്ന മണിക്കുട്ടൻ കുടുംബത്തിന് വിഷം നൽകി ജീവനൊടുക്കിയെന്ന് ആരും വിശ്വസിക്കാൻ തയ്യാറല്ല. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് തേടുകയാണ് വാർത്ത അറിഞ്ഞ ഓരോരുത്തരും.

ALSO READ- സ്ത്രീയെ മോശമായി ചിത്രീകരിച്ച് വീഡിയോ; സൂരജ് പാലക്കാരന് എതിരെ കേസ്; ഒളിവിലെന്ന് പോലീസ്

കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നെങ്കിലും താമസിച്ചിരുന്ന കുടുംബവീടിന് പുറമെ ചെറുതെങ്കിലും മറ്റൊരു വീട് മണിക്കുട്ടനും കുടുംബവും സ്വന്തമാക്കിയിരുന്നു. പഴയ വീടു വാങ്ങി പുതുക്കിപ്പണിത് വെള്ളിയാഴ്ചയാണ് പാലു കാച്ചി താമസിച്ചത്. ഒരു ദിവസം മാത്രം അവിടെ താമസിച്ച് കുടുംബവീട്ടിലേക്ക് തന്നെ മാറുകയായിരുന്നു ഇവർ. താമസം പിന്നീട് പതിയെ പുതിയ വീട്ടിലേക്ക് മാറ്റാനായരുന്നു പദ്ധതി.

ഇതിന് ഇടയിലാണ് നാടിനെ നടുക്കിയ കൂട്ട മരണം സംഭവിച്ചത്. ഇപ്പോൾ താമസിക്കുന്ന കുടുംബ വീട്ടിൽ നിന്ന് അര കിലോമീറ്റർ മാറിയാണ് വർഷങ്ങൾക്ക് മുൻപ് മണികുട്ടൻ പഴയ ഓടിട്ട വീട് വാങ്ങിയത്. അടുത്തകാലത്തായാണ് ആ വീട് പുതുക്കി പണിതത്. ഒറ്റ ദിവസം മാത്രം ആ വീട്ടിൽ താമസിച്ച മണിക്കുട്ടനും കുടുംബത്തിനും അവിടുത്തെ മണ്ണിൽ അന്തിയുറങ്ങാനായിരുന്നു പിന്നീട് ഗേറ്റ് കടന്ന് എത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ചാത്തൻപാറ ജംക്ഷനിലും പൊതു ദർശനത്തിന് വച്ചിരുന്നു. ഏഴു മണിയോടെ പുതിയ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടന്നു.

ഒഎസ് അംബിക എംഎൽഎ, മുൻ എംഎൽഎ ബി സത്യൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത്-പഞ്ചായത്ത് പ്രതിനിധികൾ നാട്ടുകാർ ബന്ധുക്കൾ തുടങ്ങി വലിയ ജനാവലി തന്നെ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുു.

ALSO READ- ‘ഏത് പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും; അനാവശ്യ പ്രിവിലേജ് താൽപര്യമില്ലെന്നും ധ്യാൻ ശ്രീനിവാസൻ

ദേശീയപാതയിൽ രണ്ടു പതിറ്റാണ്ടായി തട്ടുകട നടത്തി വരുന്ന മണിക്കുട്ടൻ നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. കടയിൽ വീട്ടിൽ ആർ മണിക്കുട്ടൻ (46), ഭാര്യ എസ് സന്ധ്യ (36), മക്കൾ അജീഷ് (15), അമേയ(13), മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി (80) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ തൂങ്ങി മരിച്ച നിലയിലും ബാക്കിയുള്ളവർ കിടക്കയിലും തറയിലും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു. മണിക്കുട്ടൻ എല്ലാവർക്കും വിഷം നൽകി ജീവനൊടുക്കയതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. വീടിന് പുറത്തെ മുറിയിൽ കഴിയുന്ന മണിക്കുട്ടന്റെ അമ്മ വാസന്തി(85) മാത്രമാണ് കൂട്ട മരണത്തിൽ നിന്നു രക്ഷപ്പെട്ടത്.

Exit mobile version