‘തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ…’; വിദ്യാഭ്യാസ മന്ത്രിയെ ട്രോളി അബ്ദുറബ്ബ്

തിരുവനന്തപുരം: പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വായിക്കുന്നതില്‍ പിഴവ് സംഭവിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ട്രോളി മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്.

പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത്. 9353 കുട്ടികള്‍ ആയിരുന്നു ജില്ലയില്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. ഈ കണക്കാണ് മന്ത്രി തെറ്റിച്ചത്.

ഒന്‍പതിനായിരത്തി മുന്നൂറ്റി അന്‍പത്തി മൂന്ന് എന്ന് വായിക്കേണ്ടതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി അന്‍പത്തി മൂന്ന് എന്നാണ് മന്ത്രി വായിച്ചത്. ഇതിന്റെ വീഡിയോ അടക്കം പ്രചരിപ്പിച്ചായിരുന്നു ട്രോളുകള്‍. പിന്നാലെ മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തന്നെ ട്രോളുമായി ഫേസ്ബുക്കില്‍ രംഗത്തെത്തി.

സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം അബ്ദുറബ്ബ് കുറിച്ചത് ഇങ്ങനെ-

മഴ നനയാതിരിക്കാന്‍
സ്‌കൂള്‍ വരാന്തയില്‍
കയറി നിന്നതല്ല…!
ഈ തൊള്ളായിരത്തി
മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ
ഒരു തെറ്റാണോ മക്കളേ…

Exit mobile version