കഠിനതടവും അഞ്ച് ലക്ഷം പിഴയും മാത്രമല്ല; വിമാനത്തിലെ പ്രതിഷേധങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയെന്ത്; എയർക്രാഫ്റ്റ് നിയമം ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂർ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടെ ഉണ്ടായ പ്രതിഷേധം വലിയ കോലാഹലമാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ തന്നെ ഭീതിയിലാക്കിയ പ്രതിഷേധത്തെ സംബന്ധിച്ച് നിരവധി ചർച്ചകളാണ് നടക്കുന്നത്. പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ തുടരുകയാണ്.

അതേസമയം, വിമാനത്തിനകത്ത് വെച്ചാണ് സംഭവമെന്നിരിക്കെ എയർക്രാഫ്റ്റ് നിയമപ്രകാരം കുറ്റം ചെയ്തവർക്ക് എന്തുശിക്ഷയാണ് ലഭിക്കുക എന്നും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

കുറ്റക്കാരായ മൂന്ന് പേർക്കെതിരെയും ഇന്ത്യൻ എയർക്രാഫ്റ്റ് നിയമപ്രകാരം ശക്തമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിയമമിങ്ങനെ.

ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937) പാർട്ട് -3 , ചട്ടം 23 (എ) യിലാണ് ഇതേ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 1937ലെ നിയമം ആണെങ്കിലും ഇത് 2018 ൽ പരിഷ്‌കരിച്ചിട്ടുള്ളതാണ്. ഈ നിയമം അനുസരിച്ച് വിമാനത്തിൽ ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യരുത്.

ശാരീരികമായോ വാക്കുകൾ കൊണ്ടോ ഒരാൾക്ക് ഭീഷണിയുണ്ടാക്കാൻ പാടില്ല. അതായത് എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിമാനത്തിൽ വിലക്കുണ്ട്. പ്രത്യേകിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്താണെങ്കിൽ അതിന്റെ ഗൗരവം കൂടും.

also read- ഗുരുതരമായി പരിക്കേറ്റ് ഇന്ത്യൻ വിദ്യാർത്ഥി ബംഗ്ലാദേശിലെ ആശുപത്രിയിൽ; അടിയന്തരമായി ഇടപെട്ട് പ്രധാനമന്ത്രി; ഷോയ്ബിനെ എയർലിഫ്റ്റ് ചെയ്ത് എയിംസിലെത്തിച്ചു

ഇനി ശിക്ഷയിലേക്ക് വന്നാൽ, ഇത്തരം കുറ്റം ചെയ്താൽ ഷെഡ്യൂൾ ആറ് പ്രകാരം ഒരു വർഷം കഠിന തടവോ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിധിക്കുക. ഇത് കൂടാതെ മറ്റൊരു ചട്ടവും സിവിൽ ഏവിയേഷൻ റിക്വയർമെന്റ് എന്ന പേരിൽ സർക്കാർ ഇറക്കിയിട്ടുണ്ട്.

അതുപ്രകാരം ഇത്തരം കുറ്റങ്ങൾ ചെയ്താൽ മൂന്ന് മാസം വരെ വിമാനയാത്രയിൽ വിലക്ക് ഏർപ്പെടുത്താനും വകുപ്പുണ്ട്.

കഴിഞ്ഞദിവസമാണ് വിമാനത്തിലുള്ള യാത്രാമധ്യേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്രമണ ശ്രമമുണ്ടായത്. മുഖ്യമന്ത്രിയെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ഇവരെ ഇപി ജയരാജൻ കായികമായി നേരിട്ടിരുന്നു.

Exit mobile version