റോഡ് വികസനത്തിന് വേണ്ടി വെട്ടി മുറിച്ചില്ല, പകരം ആല്‍ മരത്തെ സ്‌കൂള്‍ മുറ്റത്ത് നട്ടു; കൈയ്യടി നേടി പാലക്കാട് വനംവകുപ്പ്

പാലക്കാട്: റോഡ് വികസനത്തിന്റെ പേരില്‍ തണല്‍മരത്തിനെ വെട്ടി മുറിയ്ക്കാതെ പുതുജീവന്‍ പകര്‍ന്ന് കൈയ്യടി നേടി പാലക്കാട് വനംവകുപ്പ്. റോഡ് വികസനത്തിന്റെ പേരില്‍ മുറിച്ച് മാറ്റേണ്ടി വന്ന ആല്‍മരം ഈ സ്‌കൂള്‍ കുട്ടികള്‍ക്ക് തണലൊരുക്കും.

ആല്‍മരം വേരോടെ പിഴുതുമാറ്റി സംരക്ഷിച്ചിരിക്കുകയാണ് പാലക്കാട് വനംവകുപ്പ്.
മുണ്ടൂര്‍ – തൂത റോഡ് വികസനത്തിനായി മുറിച്ചുമാറ്റാന്‍ തീരുമാനിച്ച കാറല്‍മണ്ണ ഭാഗത്തെ ആല്‍മരമാണ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിഴുതുമാറ്റി ശബരി പിടിബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നട്ടത്.

ആയിരങ്ങള്‍ക്ക് തണലേകിയ ആല്‍മരം പെട്ടൊന്നൊരുനാള്‍ ഇല്ലാതാകുമെന്നറിഞ്ഞതോടെ എല്ലാവര്‍ക്കും ആശങ്കയായി, നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നത് ഒരു ജീവന്‍ തന്നെയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക വനവത്കരണ വിഭാഗം ആല്‍മരത്തെ പിഴുത് മാറ്റി അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്..

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരത്തിന് ചുറ്റും കുഴിയെടുത്താണ് ആല്‍മരത്തിനെ വേരോടെ പിഴുതുമാറ്റിയെടുത്തത്. ശേഷം ആഘോഷപൂര്‍വ്വമാണ് സ്‌കൂളിലേക്കെത്തിച്ചത്.

Exit mobile version