ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിലെ മരം മുറിച്ചു; സമീപത്തെ മൂന്ന് നില കെട്ടിടം കുലുങ്ങി; നാലുപാടും ഓടി താമസക്കാര്‍

നിബന്ധനകളൊന്നും പാലിക്കാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ റോഡ് നിര്‍മ്മാണ യന്ത്രങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആടി ഉലയുന്നുണ്ടെന്നാണ് പരാതി

തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോള്‍ കുലുങ്ങിയത് സമീപത്തെ മൂന്ന് നില കെട്ടിടം. പള്ളിച്ചാല്‍ തോടിന് സമീപമുള്ള റോഡ് വക്കിലെ മരം മുറിച്ചപ്പോഴാണ് മൂന്ന് നില കെട്ടിടം കുലുങ്ങിയത്. ഇതോടെ ഇവിടുത്തെ താമസക്കാരില്‍ പരിഭ്രാന്തി നിറഞ്ഞു. ഇവര്‍ നാലുപാടും ഇറങ്ങി ഓടി. സംഭവത്തില്‍ റോഡിന് ഇരുവശവും നിര്‍മ്മിക്കുന്ന അനധികൃത കെട്ടിടങ്ങള്‍ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പരാതിയും ഇതിനോടകം ശക്തമായിട്ടുണ്ട്.

നിബന്ധനകളൊന്നും പാലിക്കാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ റോഡ് നിര്‍മ്മാണ യന്ത്രങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആടി ഉലയുന്നുണ്ടെന്നാണ് പരാതി. ഇനി റോഡ് മണ്ണിട്ട് ഉറപ്പിക്കുന്നതിനും ടാര്‍ ചെയ്യുന്നതിനും വൈബ്രേറ്റര്‍ പോലുളള വലിയ യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈ കെട്ടിടങ്ങളുടെ അവസ്ഥ എന്താകുമെന്നാണ് ഇവരുടെ ആശങ്ക.

പള്ളിച്ചല്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് ഈ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ ഏറെയും നടക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനാവാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. ഇതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.

Exit mobile version