കൈവിരല്‍ അറ്റുതൂങ്ങിയ മൂന്നുവയസ്സുകാരിയെ പട്ടിണിയ്ക്കിട്ടു: ഓപ്പറേഷന്‍ നടത്തിയത് 36 മണിക്കൂര്‍ കഴിഞ്ഞ്; ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി, മന്ത്രി വീണാ ജോര്‍ജ്ജ്

പത്തനംതിട്ട: കൈവിരല്‍ അറ്റുതൂങ്ങിയ മൂന്നുവയസ്സുകാരിക്ക് ശസ്ത്രക്രിയക്കായി 36 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. സംഭവം വന്‍ വിവാദമായതിന് പിന്നാലെ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരിക്ക് പറ്റിയ കുട്ടിയുടെ ശസ്ത്രക്രിയ നടന്നത് മുപ്പത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. ഓപ്പറേഷന് മുന്‍പ് കുട്ടിക്ക് ഭക്ഷണം നല്‍കരുതെന്ന് ഡോക്ടര്‍മ്മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ മുറിവിന്റെ വേദനക്കൊപ്പം കുട്ടിക്ക് പട്ടിണി കിടക്കേണ്ടി വന്നതും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരമന സത്യനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകള്‍ വീട്ടില്‍ കളിയ്ക്കുകയായിരുന്നു. അതിനിടെ ഇടതുകൈയ്യുടെ മൂന്ന് വിരലുകള്‍ കട്ടിളയുടെയും വാതിലിന്റെയും ഇടയില്‍ കുടുങ്ങി ചതഞ്ഞുപോയി.

അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ആവശ്യമാണെന്നും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തണമെന്നും ജനറല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല.

അപകടത്തില്‍ പെടുന്നവര്‍ക്കും ഹൃദയാഘാതം സംഭവിച്ച് എത്തുന്നവര്‍ക്കും ഉള്‍പ്പടെ ഒരു തടസവുമില്ലാതെ ഓപ്പറേഷന്‍ തീയ്യേറ്ററിലെത്തുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് വരുന്ന ഒരാള്‍ക്ക് എത്രയും പെട്ടന്ന് ചികിത്സ ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സാമുഹ്യ മാധ്യമങ്ങളിലൂടെ ഈ സംഭവം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുകയും ചെയ്തതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇനി ഇത്തരത്തില്‍ ഒരു സംഭവവും ഉണ്ടാകാത്ത തരത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

Exit mobile version