എന്റെ സിനിമ ഇത്രയും കാലം പരിഗണിച്ചില്ലല്ലോ:’അപ്പോത്തിക്കിരി’യ്ക്ക് കിട്ടാതിരുന്നപ്പോള്‍ ഒരുപാട് വിഷമിച്ചു; സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ഇന്ദ്രന്‍സിനെയും ഹോം സിനിമയെയും തഴഞ്ഞെന്ന ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആറ് വര്‍ഷങ്ങളായി തന്റെ സിനിമ പരിഗണിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിക്കാത പോയപ്പോള്‍ വിഷമിച്ചുവെന്നും ഇന്ദ്രന്‍സിന്റെ വിഷമത്തില്‍ ന്യായമുണ്ടാകാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഹോം സിനിമയെയും ഇന്ദ്രന്‍സിനെയും സംസ്ഥാന അവാര്‍ഡിന് പരിഗണിക്കാതിരുന്നതില്‍ എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോള്‍, ‘അതൊന്നും എന്നോട് ചോദിക്കരുത്. എന്റെ സിനിമ ഇത്രയും കാലം പരിഗണിച്ചില്ലല്ലോ. കഴിഞ്ഞ ആറ് വര്‍ഷമായി പരിഗണിക്കുന്നില്ല. ഇവിടുന്ന് തെരഞ്ഞെടുത്ത് കേന്ദ്രത്തിലേക്ക് നാഷണല്‍ അവാര്‍ഡിന് പോലും അയക്കുന്നില്ലല്ലോ. അപ്പോത്തിക്കിരിക്ക് എന്താ കുഴപ്പം. അതൊന്നും നിങ്ങള്‍ ചോദിച്ചില്ലല്ലോ? എന്റെ കാര്യം ചോദിക്ക്, വല്ലവരുടെയും കാര്യം ചോദിക്കല്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Read Also:12 അടി ഉയരം, 8 ശില്‍പികളുടെ മൂന്നരവര്‍ഷത്തെ അധ്വാനം; ‘വിശ്വരൂപ ശില്‍പം’ ഇനി മോഹന്‍ലാലിന്റെ വീട്ടിലേക്ക്


‘ഞാന്‍ സിനിമ കണ്ടിട്ടില്ല. എന്റെ വീട്ടുകാര്‍ കണ്ട് നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ വീട്ടുകാരല്ല ജൂറിയിലുള്ളത്. ജൂറിയെ നിശ്ചയിച്ചു. ജൂറി എല്ലാ സിനിമയും കണ്ടുവരുമ്പോള്‍ ഒരു തുലനമുണ്ടാകും. അപ്പോള്‍ അവരുടെ തീരുമാനത്തിന് വഴങ്ങിക്കൊടുക്കും.

ഇന്ദ്രന്‍സിന്റെ വിഷമത്തില്‍ ന്യായമുണ്ടാകാം. അതില്‍ ഞാന്‍ അഭിപ്രായം പറയാന്‍ പാടില്ല. ഞാന്‍ ‘അപ്പോത്തിക്കിരി’യ്ക്ക് ഒരുപാട് വിഷമിച്ചു’ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Exit mobile version