മുത്തലാഖ് ബില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം! വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അപാകതയില്ല; പിന്തുണച്ച് എംകെ മുനീര്‍

കോഴിക്കോട്: മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് എംകെ മുനീര്‍. വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ അപാകതയില്ലെന്നും എംകെ മുനീര്‍ പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റിലെത്താതെ വിവാഹത്തില്‍ പങ്കെടുത്തത് എന്തുകൊണ്ടെന്ന് അറിയില്ല. വിശദീകരണം ലഭിച്ചശേഷം ആവശ്യമെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് വോട്ടിനിട്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വ്യവസായ പ്രമുഖന്റെ മകന്റെ കല്യാണത്തിനു പോയത് വിവാദമായിരുന്നു. ബില്ലിന് എതിരെയുള്ള മുസ്്‌ലിം സമൂഹത്തിന്റെ എതിര്‍പ്പ് വ്യക്തമാക്കാന്‍ കിട്ടിയ അവസരം കുഞ്ഞാലിക്കുട്ടി കളഞ്ഞുവെന്നാണ് ഇകെ സുന്നികളടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. വീഴ്ച സമ്മതിച്ചു കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെടി ജലീല്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇടി മുഹമ്മദ് ബഷീര്‍ എംപി ബില്ലിനെ എതിര്‍ത്തുവോട്ടുചെയ്യുകയും, മുസ്്‌ലിം വ്യക്തി നിയമവും മൗലിക അവകാശവും തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന മുത്തലാഖ് ബില്ലെന്ന് ശക്തിയുക്തം ലോക്‌സഭയില്‍ വാദിക്കുകയും ചെയ്തു. എന്നാല്‍ മുസ്്‌ലിം ലീഗിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ഇന്നലത്തെ സമ്മേളനത്തില്‍ പങ്കെടുക്കാതെ കോട്ടക്കല്‍ കല്‍പകഞ്ചേരി സ്വദേശിയായ പ്രവാസി വ്യവസായുടെ മകന്റെ കല്യാണ ചടങ്ങിലായിരുന്നു. സമുദായ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയാത്ത എംപിയുടെ രാജി ആവശ്യപെടാന്‍ മുസ്്‌ലിം ലീഗ് തയാറാവണെന്ന് മന്ത്രി കെടി ജലീല്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദം കനത്തത്. ഇതിനിടെയാണ് എംകെ മുനീര്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Exit mobile version