‘പ്രിയ സഖാവിന് ജന്മദിനാശംസകള്‍’; മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എംകെ സ്റ്റാലിന്‍

തിരുവനന്തപുരം: 77-ാം പിറന്നാള്‍ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജന്മദിനത്തിലും ആഘോഷങ്ങളില്ലാതെ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് മുഖ്യമന്ത്രി.

പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പിറന്നാള്‍ ആശംസയറിയിച്ചു.’എന്റെ പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജന്മദിനാശംസകള്‍.

വിഘടന ശക്തികള്‍ക്കെതിരെ കേരളത്തെ ശക്തിപ്പെടുത്താനും രാഷ്ട്രത്തിന്റെ ഐക്യത്തില്‍ സംസ്ഥാനങ്ങളുടെ ശക്തി കാണിക്കാനും നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നു എന്നാണ് ആശംസ’.


പതിവുപോലെ ഇക്കുറിയും പിറന്നാള്‍ ദിനത്തില്‍ പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഇല്ല. കൊച്ചിയിലുള്ള മുഖ്യമന്ത്രി മേയ് 27 വരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകും. ആശംസയറിയിച്ച് വിളിക്കുന്നവര്‍ക്ക് മറുപടി പറയുന്നത് മാത്രമാണ് പിറന്നാള്‍ ദിനത്തിലെ പ്രത്യേകത.

ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നാണ് തന്റെ യഥാര്‍ഥ ജന്മദിനം 1945 മേയ് 24നാണെന്ന് പിണറായി തന്നെ വെളിപ്പെടുത്തിയത്.

1944 മെയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് പിണറായി വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകന്‍. ഇല്ലായ്മയില്‍ കരിയാതെ തളിര്‍ത്ത ബാല്യം. പോരാട്ടത്തിന്റെ കനലുകള്‍ ജ്വലിച്ച കൗമാരം. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം. നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി.

Exit mobile version