ശൂലവും നാരങ്ങയും വച്ച് പൂജ നടത്തി: കൊല്ലത്ത് ബാങ്ക് കുത്തിത്തുറന്ന് 90 പവന്‍ സ്വര്‍ണ്ണവും നാല് ലക്ഷം രൂപയും കവര്‍ന്നു

കൊല്ലം: കൊല്ലം പത്തനാപുരത്തെ സ്വകാര്യധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് മോഷണം. വിളക്ക് തെളിയിച്ച് പൂജകള്‍ നടത്തി പ്രത്യേക രീതിയില്‍ ആണ് കവര്‍ച്ച. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ച പണയ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായാണ് വിവരം, 42 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് റിപ്പോര്‍ട്ട്.

പത്തനാപുരത്ത് ജനതാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്വകാര്യധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. തൊണ്ണൂറ് പവനോളം സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയിരിക്കുന്നത്. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇത്.

ബാങ്കിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. രണ്ട് ലോക്കറുകളിലെയും പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ബാങ്കിലെ രേഖകള്‍ സൂക്ഷിച്ച അലമാരയും മോഷ്ടാക്കള്‍ തുറന്നിട്ടുണ്ട്. പണമായി നാല് ലക്ഷം രൂപയും 38 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷണം പോയതെന്നാണ് ബാങ്ക് ഉടമ പറയുന്നത്.

സ്ഥാപനത്തിനുള്ളില്‍ ദൈവത്തിന്റെ ഫോട്ടോയും ശൂലവും നാരങ്ങയും വച്ച് വിളക്ക് കത്തിച്ച് പൂജ നടത്തിയതായി സംശയിക്കുന്നുണ്ട്. ബാങ്കിനുള്ളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. മാത്രമല്ല, മുറിയില്‍ മുറിച്ച തലമുടിയുടെ ഭാഗങ്ങളും വിതറിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version