‘സിസീന എനിക്കൊരു പ്രചോദനമാണ്’: അഭിനന്ദവുമായി ആരോഗ്യമന്ത്രി, സ്വപ്ന നിമിഷം യാഥാര്‍ഥ്യമായ സന്തോഷത്തില്‍ ‘ഡോക്ടര്‍ നഴ്സ്’

തിരുവനന്തപുരം: കൊല്ലം ശക്തികുളങ്ങര ഫാമിലി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ ജെ സിസീന ഇപ്പോള്‍ ഡോക്ടര്‍ നഴ്സാണ്. കേരളത്തില്‍ ആദ്യമായി പിഎച്ച്ഡി നേടുന്ന ജൂനിയര്‍ പബ്ലിക് നഴ്സാണ് സിസീന.

പ്രതിസന്ധികളോട് പൊരുതി നേടിയ വിജയത്തിന് അര്‍ഹിച്ച അംഗീകാരവും സിസീനയെ തേടിയെത്തിയിരിക്കുകയാണ്. സിസീനയെ തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ അഭിനന്ദനവുമെത്തി.

‘സിസീന എനിക്കൊരു പ്രചോദനമാണ്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മാത്രമല്ല കൊല്ലത്തേക്കുള്ള അടുത്ത വരവില്‍ നേരിട്ട് കാണാമെന്നും മന്ത്രി ഉറപ്പുനല്‍കിയിരിക്കുകയാണ്. ഇതോടെ പിഎച്ച്ഡി എന്ന സ്വപ്നം നേടിയത് മുതലുള്ള സിസീനയുടെ മോഹമാണ് പൂവണിയുന്നത്. ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അത്തരമൊരു നിമിഷം ജീവിതത്തില്‍ എത്തിയതിന്റെ ആവേശത്തിലാണ് ഡോക്ടര്‍ സിസീന.

ജെപിഎച്ച്എന്‍ കോഴ്സിനു പിന്നാലെ, ബിഎസ്സി ബോട്ടണി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്സി, ബിഎഡ്, അതുകഴിഞ്ഞ് സോഷ്യോളജിയില്‍ എംഎ, എംഎസ്ഡബ്ല്യു, കൗണ്‍സലിങ്ങില്‍ പിജി ഡിപ്ലോമ, നെറ്റ്, സെറ്റ്… ഇങ്ങനെ പോകുന്നു സിസീന നേടിയ ബിരുദങ്ങള്‍.

നഴ്‌സസ് ഡേയുടെ ഭാഗമായി ഒരു ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം നഴ്‌സിങ് കോളജില്‍ സിസീനയെത്തിയിരുന്നു. അവിടെ മന്ത്രി സൂം മീറ്റില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും മന്ത്രിയോട് സംസാരിക്കാന്‍ സിസീനയ്ക്ക് കഴിഞ്ഞില്ലായിരുന്നു. അതിന്റെ വിഷമത്തിലിരിക്കെയാണ് സിസീനയെ തേടി മന്ത്രിയുടെ അഭിനന്ദനമെത്തിയത്.

‘കണ്ണൂരിലെ മുസ്ലിം സമുദായത്തിന്റെ ആരോഗ്യസംരക്ഷണ സംസ്‌കാരവും സാമൂഹ്യ നിലപാടുകളും’ എന്ന വിഷയത്തിലാണ് സിസീനയ്ക്ക് ഡോക്ടറേറ്റ്. 16 വര്‍ഷത്തെ സര്‍വീസില്‍ 13 വര്‍ഷവും കണ്ണൂരിലായിരുന്നു. കണ്ടുംകേട്ടും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ ഗവേഷണവിഷയമായി തെരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂര്‍ കോളച്ചേരി വിജയഭവനത്തില്‍ ജോണി വി കണ്ടന്‍പറമ്പും പി ജെ അന്നമ്മയുമാണ് മാതാപിതാക്കള്‍. കൊല്ലം സബ് കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് രാജു സെബാസ്റ്റ്യനാണ് ഭര്‍ത്താവ്.

Exit mobile version