പൂരാവേശത്തില്‍ തൃശ്ശൂര്‍: വര്‍ണ്ണകാഴ്ചകളിലേക്ക് കണ്ണുംനട്ട് പൂരപ്രേമികള്‍

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. മേളവും കുടമാറ്റവും ആസ്വദിക്കാന്‍ പൂര നഗരിയിലേയ്ക്ക് പുരുഷാരം ഒഴുകും. കണിമംഗലം ശാസ്താവ് തട്ടകത്തില്‍ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും.

രാവിലെ പതിനൊന്നരയ്ക്കാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലഞ്ഞിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയില്‍ എഴുന്നള്ളിപ്പ് ആവര്‍ത്തിക്കും. നാളെ പുലര്‍ച്ചെ മൂന്നിന് പൂരം വെടിക്കെട്ട് നടക്കും.

തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ തെക്കേഗോപുര വാതില്‍ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാന്‍ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.

Exit mobile version