അന്ന് റോഡ് പണി ചെയ്ത് പോലീസിലെത്തി കൈയ്യടി, ഇന്ന് റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും മര്‍ദ്ദിച്ച് വില്ലനായി സിഐ കൃഷ്ണന്‍

പാലക്കാട്: അട്ടപ്പാടിയില്‍ റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കോട് നല്ലളം സിഐ മര്‍ദിച്ചതായി അഗളി പോലീസില്‍ പരാതി. അട്ടപ്പാടി സ്വദേശി കൂടിയായ സിഐ കൃഷ്ണനെതിരെയാണ് പരാതി നല്‍കിയത്.

റോഡ് പണിക്കായി എത്തിയ തമിഴ്നാട് കൃഷണഗിരി സ്വദേശിനി മരതകത്തിനും തൊടുപുഴ സ്വദേശി അലക്സിനുമാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സിഐക്കെതിരെ അഗളി പോലീസ് കേസെടുത്തു. റോഡ് പണി ചെയ്ത് കഷ്ടപ്പെട്ട് പോലീസിലെത്തിയയാളാണ് കൃഷ്ണന്‍. മുന്‍പ് കൃഷ്ണന്റെ വിജയഗാഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നല്ലളം സ്റ്റേഷനിലെ സിഐ ആണ് കെ കൃഷ്ണന്‍. റോഡ് പണി കഴിഞ്ഞ് താത്കാലിക താമസ സ്ഥലത്ത് പാര്‍ക്ക് ചെയ്ത ടിപ്പര്‍ ലോറിയില്‍ വിശ്രമിക്കുകയായിരുന്നു അലക്സ്.

അഗളി ഭാഗത്തേക്ക് പോകുകയായിരുന്ന സിഐ കെ കൃഷ്ണന്‍ ലോറി കണ്ടതും വാഹനം നിര്‍ത്തി. മദ്യലഹരിയിലായിരുന്ന സിഐ അലക്സിനോട് അഗളി സിഐയാണെന്ന് പറഞ്ഞ് അസഭ്യവാക്കുകള്‍ പറയുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് അലക്സിന്റെ പരാതി.

അലക്സിനൊപ്പമുണ്ടായിരുന്ന ടാറിംഗ് തൊഴിലാളി മരതകത്തേയും സിഐ മദ്യലഹരിയില്‍ മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ടോര്‍ച്ചുകൊണ്ട് അടിയേറ്റതിന്റെ പാടുകള്‍ ഇവരുടെ മുഖത്തുണ്ട്.

2009ല്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി എസ്ഐ പോസ്റ്റിലെത്തിയ കൃഷ്ണന് 2019 ലാണ് സിഐയായി പ്രൊമോഷന്‍ ലഭിച്ചത്. പഠനകാലത്ത് റോഡ് പണിയ്ക്കായി ഒരുപാട് കഷ്ടപ്പെട്ട സ്ഥലത്ത് ഇന്ന് കൃഷ്ണന്‍ എത്തിയിരിക്കുന്നത് സിഐ ആയിട്ടാണ്. അന്ന് ഒരുപാട് കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കിയ റോഡിലൂടെ ഇന്ന് പോലീസ് യൂണിഫോമില്‍ അതും സിഐ ലെവലില്‍ വാഹനത്തില്‍ പോവുമ്പോള്‍ ഒരു അഭിമാനിക്കുന്നുവെന്നും അന്ന് കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. രാമനാട്ടുകര റോഡിന്റെ പണിയ്ക്കായാണ് കുറെ കാലങ്ങള്‍ക്ക് മുന്‍പ് കൃഷ്ണന്‍ ഇവിടെയെത്തിയത്. അന്ന് ടാറിങ് ചെയ്യുമ്പോള്‍ റോളറില്‍ വെള്ളമൊഴിക്കലായിരുന്നു കൃഷ്ണന്റെ ജോലി.

തന്റെ വിജയകഥ കൃഷ്ണന്‍ പങ്കുവച്ചതിങ്ങനെ:

പതിനാല് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടുക്കാരോടൊപ്പം ഒരു ബാഗില്‍ ആവശ്യ സാധനങ്ങളുമായി ഇവിടേക്ക് വന്നിട്ടുണ്ട്.. കോളേജ് പഠനത്തിനിടയില്‍ ക്ലാസ്സ് കട്ടടിച്ചുള്ള Tour Tour കഴിഞ്ഞ് ക്ലാസ്സില്‍ വന്നാല്‍ ഒറ്റ കാച്ചലാണ് സുഖമില്ലായിരുന്നു എന്ന് സുന്ദരമായ ടൂര്‍ വെളുപ്പെടുത്തിയാല്‍ ?? അല്ലേലും complex കൂടുതലാണല്ലോ അന്നൊക്കെ.

പതിനച്ചോളം കൂട്ടുക്കാര്‍ ഒറ്റ മുറിയില്‍ അങ്ങ് സുഖമായി കിടന്നുറങ്ങും പുലര്‍ച്ചെ എണീറ്റു ബാത്ത് റൂമില്‍ ക്യൂ ആയിരിക്കും പ്രഭാത കാര്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ തലയില്‍ ഒരു തോര്‍ത്ത് മുണ്ട് ചുറ്റി കെട്ടി അടുത്തുള്ള കടയില്‍ ഭക്ഷണം കഴിച്ച് പറ്റില്‍ എഴുതാന്‍ പറഞ്ഞ് ഒരു പോക്ക് ഉണ്ടാവും ?? ലൊക്കേഷന്‍ എത്തിയാല്‍ പിന്നെ അങ്ങ്

തകര്‍ക്കലാണ്… വിയര്‍പ്പിന്റെ ഉപ്പ് രസം ചുണ്ടില്‍ തട്ടുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ഓരോരുത്തര്‍ക്കും ഓരോ പണികള്‍ ആയിരിക്കും… ഉന്തുവണ്ടിയില്‍ മെറ്റല്‍ കൊണ്ടുപോകുന്നവര്‍, ടാര്‍ ചൂടാക്കുന്നവര്‍.. തിളച്ച ടാര്‍ ബക്കറ്റില്‍ ആക്കി കൊണ്ട് പോകുന്നവര്‍, മറ്റും റോഡ് പണികള്‍ ചെയ്യുന്നവര്‍ അങ്ങനെ നീളും. റോഡ് ടാറിങ് പണി എന്നും പറയാം ? ഓരോരുത്തരും ഓരോ പണികളില്‍ അഗ്രഗണ്യന്മാര്‍ ആയതിനാലും ഞാന്‍ ഇത്തരം പണികളില്‍ ശിശു ആയതിനാലും എനിക്ക് എന്റെ മൊതലാളി തന്ന പണി എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു… തമിഴ് അണ്ണന്‍ ഡ്രൈവറായ റോളര്‍ വണ്ടിയ്ക്ക് പിന്നില്‍ നിന്ന് നടന്ന് കൊണ്ട് ഒരു ബക്കറ്റില്‍ നിറയെ വെള്ളം കയ്യില്‍ തൂക്കി ഒരു കയ്യ് കൊണ്ട് ബക്കറ്റില്‍ നിന്നും കപ്പില്‍ വെള്ളം എടുത്ത് ഇരുമ്പ് റോളറില്‍ ഒഴിക്കലാണ്.

വെള്ളം കഴിഞ്ഞാല്‍ വീണ്ടും ബക്കറ്റുമായി ഓട്ടം. അറിഞ്ഞോ അറിയാതെയോ എത്ര എത്ര ആ തിളച്ച് പൊന്തിയ ടാര്‍ റോളറില്‍ നിന്നും തെന്നിമാറി എന്റെ ശരീരത്തിലെവിടെയെങ്കില്‍ നുകര്‍ന്ന് കാണും.. രാവിലെ തുടങ്ങിയാല്‍ പിന്നെ വൈകുന്നേരം ആവും.. റോളര്‍ വണ്ടിയില്‍ ഘടിപ്പിച്ച FM റേഡിയോയില്‍ നിന്നും മധുരമാര്‍ന്ന തമിഴ് പാട്ടുകള്‍ കേട്ട് കൊണ്ട് എത്ര എത്ര ദിവസങ്ങള്‍… ആ സമയങ്ങളില്‍ എല്ലാം സ്‌നേഹസമ്പന്നരായ കൂട്ടുക്കാരും സൂപ്പര്‍വൈസര്‍മാരും മുതലാളിമാരും തന്ന സപ്പോര്‍ട്ട് എത്ര എത്ര റോഡുകളില്‍ എന്റെ വിയര്‍പ്പിന്റെ ഗന്ധം ഉണ്ടാവും…

പറഞ്ഞ് വന്നത് ഞാന്‍ പണി എടുത്ത രാമനാട്ടുക്കര എന്ന സ്ഥലം ഉള്‍പ്പെടുന്ന സ്റ്റേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് എന്ന് പണിയെടുത്ത സ്ഥലത്ത് വണ്ടി നിര്‍ത്തി ഒരു ഫോട്ടോ എടുക്കുമ്പോള്‍ ഒരു പ്രത്യേക ആനന്ദം തന്നെയാണ്. (ഒന്നും ഇല്ലായ്മകളില്‍ നിന്നും ഒരുപാട് പേര്‍ കഷ്ട്ടതകള്‍ അനുഭവിച്ച് വന്ന് ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്… ജീവിതത്തില്‍ നിന്നും ഒളിച്ചോടല്‍ ഒന്നിനും പരിഹാരമല്ല)

Exit mobile version