‘കാവ്യയെ കുടുക്കാന്‍ വെച്ചതില്‍ കുടുങ്ങിയത് ദിലീപ്’: കാവ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ്, ചെന്നൈയില്‍ നിന്ന് ഉടനെത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും കുരുക്കിലേക്ക്. ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്.

നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

കേസില്‍ കാവ്യ മാധവനെ തിങ്കളാഴ്ച 11 മണിക്ക് ചോദ്യം ചെയ്യും. കാവ്യക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നോട്ടീസ്. നിലവില്‍ ചെന്നൈയിലാണ് കാവ്യയുള്ളത്. നാളെയോടെ കാവ്യ തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ പങ്ക് സംബന്ധിച്ച് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ശരത്തിനോട് സംസാരിക്കുന്ന ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സുരാജിന്റെ ശബ്ദരേഖ കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സൂരജ് പറയുന്നു.

‘കൂട്ടുകാര്‍ക്ക് തിരിച്ച് ‘പണി’ കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം.’ ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.

ശബ്ദരേഖയില്‍ സുരാജ് പറയുന്നത്,’ശരിക്ക് പറഞ്ഞാല്‍ ഇത് മറ്റവര്‍ക്ക് വെച്ചിരുന്ന സാധനമാണ്. കാവ്യയെ കുടുക്കാന്‍ വേണ്ടി ഇവരുടെ കൂട്ടുകാരികളെല്ലാം പണികൊടുത്തപ്പോള്‍ തിരിച്ച് ഇവര്‍ക്ക് പണികൊടുക്കണമെന്ന് പറഞ്ഞ് കൊടുത്ത സാധനമാണ്”ജയിലില്‍ നിന്ന് വന്ന കോള്‍ എടുത്ത ശേഷമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കില്‍ കാവ്യ തന്നെയായിരുന്നു ഇതിലുണ്ടാവുക. കാവ്യയെ കുടുക്കാന്‍ വേണ്ടി വെച്ച സാധനമാണ്. അതില്‍ ചേട്ടന്‍ കയറി പിടിച്ചതാണ്’

‘ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ, ചേട്ടന് ആര്‍ക്കും കേറി ഇറങ്ങാവുന്ന ഡി സിനിമാസുണ്ട്, ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്ത് കൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തിയതെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസ്സിലാവും”അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി നടന്നിട്ട്. അവരെല്ലാം പറ്റിച്ചിട്ട് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ട് പോയ വൈരാഗ്യം. കാവ്യക്ക് പണി കൊടുക്കണമെന്ന്. ഇത് പുള്ളിക്ക് സമ്മതിക്കാന്‍ വിഷമമാണ്’.

Exit mobile version