ഞാന്‍ അച്ചുവാടാ…എന്നോട് കാശ് ചോദിക്കാന്‍ നീ വളര്‍ന്നോ’! പത്ത് മുട്ടയും ഏത്തപ്പഴയും വാങ്ങി, കാശ് ചോദിച്ച കടക്കാരനെ ക്രൂരമായി അടിച്ചിട്ട് യുവാവ്

വര്‍ക്കല: പത്ത് മുട്ടയും ഏത്തപ്പഴയും വാങ്ങി, കാശ് ചോദിച്ചപ്പോള്‍ കടക്കാരനെ അടിച്ചിട്ട് ഭീഷണിപ്പെടുത്തി യുവാവിന്റെ ക്രൂരത.

മേല്‍വെട്ടൂരില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. മേല്‍വെട്ടൂര്‍ അനശ്വരയില്‍ ‘ദക്ഷിത്’ എന്ന കട നടത്തുന്ന സതീശനെയാണ്(70) യുവാവ് ആക്രമിച്ചത്.

‘ഞാന്‍ അച്ചുവാടാ… എന്നോട് കാശ് ചോദിക്കാന്‍ നീ വളര്‍ന്നോ’… എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവശേഷം മുങ്ങിയ കാട്ടുവിള വീട്ടില്‍ അച്ചു എന്ന അനീഷിനായി(30) പൊലീസ് തിരച്ചില്‍ തുടരുന്നു. കൈയ്ക്കു പൊട്ടലും മുഖത്തു പരുക്കുമായി സതീശന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കടയ്ക്കുള്ളില്‍ നടന്ന അക്രമം സമീപത്ത് നിന്ന മറ്റൊരാള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മേല്‍വെട്ടൂര്‍ ജംക്ഷനിലെ പലചരക്ക് കടയിലേക്ക് എത്തിയ അനീഷ് സാധനങ്ങള്‍ വാങ്ങിയ ശേഷം പൈസ കൊടുക്കാന്‍ വിസമ്മതിച്ചതാണു പ്രശ്‌നത്തിന് തുടക്കമായത്.

ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു. മര്‍ദനമേറ്റ സതീശന്‍ പിന്നീട് തറയില്‍ വീണുപോകുന്നതു വിഡിയോയില്‍ കാണാം. ബഹളം കേട്ടു സമീപത്തുള്ളവര്‍ എത്തിയാണ് അക്രമിയെ പിടിച്ചു മാറ്റിയത്.

വാടകയ്ക്കാണ് സതീശന്‍ കട നടത്തുന്നത്. പൊലീസ് പ്രതിയെ തേടി അന്വേഷണം ഊര്‍ജിതമാക്കി. അക്രമി നേരത്തെയും അടിപിടി കേസില്‍ ഉള്‍പ്പെട്ട ആളെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Exit mobile version