ഫോണില്‍ ഭാര്യയെ കിട്ടിയില്ല: സൂപ്പര്‍മാര്‍ക്കറ്റിലെത്തി ജീവനക്കാരിയെ മര്‍ദ്ദിച്ച് യുവാവിന്റെ അക്രമം; കര്‍ശന നടപടിയെടുക്കണമെന്ന് വനിതാകമ്മീഷന്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ്. തൃപ്പൂണിത്തുറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. പുതിയകാവ് മാളേകാട് അതിര്‍ത്തി റോഡില്‍ ഷിജി സുധിലാലിനാണ് പരിക്കേറ്റത്. ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കും കൈയ്ക്കും തുടരെ ആഞ്ഞടിക്കുകയായിരുന്നു.

സൂപ്പര്‍ മാര്‍ക്കറ്റിലെ ഫോണിലേക്ക് വിളിച്ച സതീഷ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന തന്റെ ഭാര്യയുമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തിരക്കായതിനാല്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ ഫോണിലൂടെ അസഭ്യവര്‍ഷം നടത്തിയെന്നും പിന്നീട് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി ആക്രമിച്ചെന്നുമാണ് പരാതി. കടയുടമ എത്തി ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദനം തുടര്‍ന്നു.

ഉച്ചയ്ക്ക് 12 മണിയോടെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ഇയാള്‍, ഷിജിയാണോ എന്നു ചോദിച്ച് അതേ എന്നു പറഞ്ഞപ്പോള്‍ നിന്നെ ‘കൊല്ലുമെടീ..’ എന്നു പറഞ്ഞു മുഖത്തടിച്ചെന്നും തലയ്ക്കും കൈക്കുമെല്ലാം ഹെല്‍മറ്റു കൊണ്ട് അടിച്ചെന്നും ഇവര്‍ പറയുന്നു.

Read Also: അങ്ങയെ പോലുള്ളവര്‍ മാത്രമാണ് സൂപ്പര്‍ സ്റ്റാര്‍..! ‘തിലകന്‍ ചേട്ടന്റെ മകന്‍ വെഷമിക്കണ്ട, ഈ കടം ഞാന്‍ വീട്ടും’; വാക്ക് പാലിച്ച് സുരേഷ് ഗോപിയുടെ മധുര സമ്മാനമെത്തി

സതീശന്റെ ഭാര്യ ഏകദേശം 2 മാസം മുമ്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ തിരക്ക് കാരണം അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ലാന്‍ ഫോണിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഫോണെടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി നല്ല തിരക്കിലാണെന്നും പിന്നെ വിളിക്കണമെന്നും പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നു.

ഉച്ചയോടെ പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കേറ്റയാളോ ബന്ധുക്കളോ നേരിട്ടെത്തി പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കാനാകൂ എന്നായിരുന്നു പോലീസ് നിലപാട്. സമീപ പ്രദേശത്ത് തന്നെ താമസിക്കുന്ന ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതിനോ കേസെടുക്കുന്നതിനോ പോലീസ് തയാറായിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പരിശോധനകള്‍ക്കുശേഷം ഇവര്‍ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയത്.

അതേസമയം, സംഭവത്തില്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി. സംഭവത്തില്‍ പരുക്കേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ഷിജിയെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് സംസാരിച്ചു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പോലീസ് കമ്മിഷനെ അറിയിച്ചു. പ്രതി സതീശനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി നേരത്തേ പോലീസ് വെളിപ്പെടുത്തിയിരുന്നു.

Exit mobile version