‘കേന്ദ്രമന്ത്രി തന്നെ രാജ്യത്തെ വികസന പദ്ധതിയെ വീടുവീടാന്തരം കയറി മുടക്കുന്നത് നിയമപരമായി തെറ്റല്ലേ’; ഹരീഷ് പേരടി

കോഴിക്കോട്: കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ പ്രതിഷേധവുമായി പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ നടപടിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്.

സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലേ എന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘സുരേന്ദ്രന്‍ പറയുന്ന രാഷ്ട്രീയം എനിക്ക് മനസിലാവും. കാരണം അയാള്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ്. അയാള്‍ക്ക് അയാളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയം പറയാം. (അഭിപ്രായ വിത്യാസങ്ങള്‍ എനിക്കും പറയാം)പക്ഷെ വി.മുരളിധരന്‍ കേന്ദ്രമന്ത്രിയാണ്. സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങിനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലെ?

കേന്ദ്രസര്‍ക്കാറും സുപ്രീംകോടതിയും ഒരു തടസവും ഇതുവരെ പറയാത്ത ഒരു പദ്ധതിയെ മഹാരാഷ്ട്രയിലെ രാജ്യസഭ മെമ്പറായ കേന്ദ്രമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങിനെ പച്ചക്ക് എതിര്‍ക്കാന്‍ പറ്റുന്നത്.

അതും സ്വന്തം നാട്ടിലെ വികസനത്തെ(കേരളം ഇന്ത്യയിലാണല്ലോ) ഇനി കോടതി ജീവനക്കാരെ പോലെ കേന്ദ്രമന്ത്രിമാരും നിയമങ്ങള്‍ക്ക് മുകളിലാണോ. നമ്മള്‍ സാധരണക്കാര്‍ക്ക് എന്തറിയാം ല്ലേ?,’ ഹരീഷ് പേരടി പറഞ്ഞു

വി. മുരളീധരന്റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയിലാണ് ശനിയാഴ്ച നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാര്‍ സംസാരിച്ചത്.

വി മുരളീധരന് മുന്നില്‍ കെ റെയില്‍ വേണമെന്ന് ആവശ്യപ്പെട്ട കുടുംബം, മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സി.പി.ഐ.എം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമായതുകൊണ്ടാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.

Exit mobile version