വണ്ടിയിടിച്ച് പരിക്കേറ്റ് കിടന്ന നായയെ പരിചരിക്കാനെത്തി; ആഴത്തിൽ കടിയേറ്റ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്; നായയുടെ ജീവൻ രക്ഷിക്കാനാകാത്ത വിഷമം മാത്രം

പനച്ചിക്കാട്: വണ്ടിയിടിച്ച് റോഡരികിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന നായയെ രക്ഷിക്കാനെത്തിയ ഓട്ടോഡ്രൈവർക്ക് കടിയേറ്റു. കൈയ്യിലാണ് ആഴമേറിയ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുംവഴിയാണ് പനച്ചിക്കാട് വലിയപറമ്പിൽ ജോജോ ചെറിയാന് (39) ദുരനുഭവമുണ്ടായത്.

also read- പൾസർ സുനി ജയിലിൽ നിന്നും ദിലീപിന് അയച്ച യഥാർഥ കത്ത് ലഭിച്ചു; അന്വേഷണത്തിൽ നിർണായകം

ഓട്ടക്കാഞ്ഞിരത്തിന് സമീപത്ത് പരിക്കേറ്റ നിലയിൽ കണ്ട നായയെ മൃഗാശുപത്രിയിലെത്തിക്കാമെന്ന് കരുതിയാണ് വണ്ടി നിർത്തിയതെന്ന് ജോജോ പറയുന്നു. സമീപത്ത് ഓട്ടോ നിർത്തി ലൈറ്റ് അടിച്ചു നോക്കിയിട്ടും ഒച്ചയുണ്ടാക്കിയിട്ടുമൊന്നും അനക്കം കണ്ടില്ല. ചത്തുകാണുമെന്ന ധാരണയിൽ നായയുടെ അടുത്തേക്ക് നീങ്ങിയതിനിടെ ചാടി കൈയിൽ കടിക്കുകയായിരുന്നു. കൈയിൽ തൂങ്ങിക്കിടന്ന പട്ടിയെ കുടഞ്ഞ് താഴെയിട്ടു. ആഴത്തിൽ മുറിവേറ്റ ജോജോ വേഗം വീട്ടിലെത്തി സോപ്പും വെള്ളവുമുപയോഗിച്ച് മുറിവ് വൃത്തിയാക്കിയശേഷം കോട്ടയം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തി ചികിത്സ തേടി.

അതേസമയം, അപടത്തിൽപ്പെട്ട ജീവികളെ പലപ്പോഴും രക്ഷപ്പെടുത്തിയ അനുഭവമുള്ളയാളാണ് ജോജോ എന്ന് നാട്ടുകാരും പറയുന്നു. പലതവണ അപകടത്തിൽപെട്ട നായകളെ രക്ഷിച്ചിട്ടുണ്ട്. വഴിയിൽനിന്ന് കിട്ടിയ ‘ജംബോ’ എന്ന നായ പ്രിയപ്പെട്ട അരുമയായി വീട്ടിലുണ്ട്. ചികിത്സയ്ക്കായി പോകുമ്പോഴും വഴിയിൽക്കിടന്ന നായയെക്കുറിച്ചുള്ള വിഷമമായിരുന്നു ജോജോയുടെ മനസിൽ. അതുകൊണ്ടു തന്നെ ഉടൻ നായകളെ പരിചരിക്കുന്ന കോന്നി സ്വദേശി ജയകുമാറിനെ സുഹൃത്തു മുഖേന വിളിപ്പിച്ചു. സ്ഥലത്തെത്തിയ ഇദ്ദേഹം നായയെ കൊണ്ടുപോയി ചികിത്സിക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല.

also read- ‘ഹിന്ദുവാണ്’ എന്ന് എഴുതി സമ്മതിച്ചു നൃത്തം അവതരിപ്പിക്കില്ല; മൻസിയയ്ക്ക് ഐക്യദാർഢ്യം, കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ നിന്നും പിന്മാറി ഭരതനാട്യം കലാകാരികൾ

അതേസമയം, കടിയേറ്റതിനെ തുടർന്ന് കൈയിൽ നീരും വേദനയും കലശലായത് കാരണം ഓട്ടോ ഓടിക്കാൻ പറ്റാതെ വീട്ടിൽ കഴിയുകയാണിപ്പോൾ ജോജോ. പരുത്തുംപാറ കവലയിലെ ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.

Exit mobile version