ദിലീപിന്റെ വീട്ടിലോ കാപ്പി കുടിക്കാനോ അല്ല, ഫിയോക്കിന്റെ പരിപാടിയ്ക്കാണ് പോയത്: ഒരേ വേദി പങ്കിട്ടതില്‍ രഞ്ജിത്ത്

കൊച്ചി: നടന്‍ ദിലീപിനൊപ്പം ഒരേ വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. അതേസമയം വിഷയത്തില്‍ വിശദീകരണവുമായി രഞ്ജിത്ത് രംഗത്തെത്തി.

താന്‍ പോയത് ഫിയോക്കിന്റെ പരിപാടിക്കാണെന്നും ദിലീപിന്റെ വീട്ടിലോ ഒന്നിച്ച് കാപ്പി കുടിക്കാനോ അല്ലെന്നും അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണ പ്രകാരമാണ് താന്‍ പോയത്. ആ സംഘടനയുടെ ചെയര്‍മാന്‍ ദിലീപ് ആണ്. തിയറ്റര്‍ ഉടമകളുടെ സംഘടന തന്നെയും മധുപാലിനെയും ആദരിക്കാന്‍ വിളിച്ച ചടങ്ങിനാണ് എത്തിയത്. ഈ പരിപാടിയിലേക്കു വിളിച്ചത് അതിന്റെ സെക്രട്ടറിയാണ്. പാലായിലെ തിയേറ്ററിന്റെ ഉടമസ്ഥനായ സുമേഷ് വിളിച്ചിട്ടാണ് ചെന്നത്. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു.

ഫിയോക് ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഞ്ജിത്തിനെ വേദിയിലിരുത്തി പുകഴ്ത്തിയ ദിലീപ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനാണെന്ന് പറഞ്ഞു. ഫിയോകിന്റെ ആജീവനാന്ത ചെയര്‍മാനാണ് ദിലീപ്. ആന്റണി പെരുമ്പാവൂരാണ് വൈസ് ചെയര്‍മാന്‍. ആന്റണി പെരുമ്പാവൂര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല.

ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ ഭാവന അതിഥിയായി എത്തിയപ്പോള്‍ രഞ്ജിത്താണ് സ്വീകരിച്ചത്. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിരുന്നപ്പോള്‍ രഞ്ജിത്ത് കാണാന്‍ പോയ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version