അഹിന്ദുവെന്ന പേരിൽ വിലക്കരുത്, മൻസിയയ്ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും യുക്തിവാദി സംഘവും ഉൾപ്പടെയുള്ള സംഘടനകൾ

ഇരിങ്ങാലക്കുട: അഹിന്ദു ആയതിനാൽ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ചും നർത്തകി വിപി മൻസിയയെ പിന്തുണച്ചും കൂടുതൽ സംഘടനകൾ. മൻസിയക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും പുരോഗമന കലാസാഹിത്യ സംഘവും ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി. വിശ്വഹിന്ദു പരിഷത്ത്, തപസ്യ കലാസാഹിത്യവേദി, കേരള യുക്തിവാദിസംഘം, പുരോഗമന കലാസാഹിത്യസംഘം എന്നീ സംഘടനകളാണ് വിഷയത്തിൽ പ്രതികരണമറിയിച്ചത്.

കൂടൽമാണിക്യക്ഷേത്രത്തിൽ മൻസിയ എന്ന യുവതിക്ക് ഭരതനാട്യം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച ദേവസ്വംബോർഡിന്റെ തീരുമാനം അപലപനീയമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. അഹിന്ദുക്കളെയല്ല ക്ഷേത്ര അവിശ്വാസികളെയാണ് ക്ഷേത്രത്തിൽ തടയേണ്ടത്. ക്ഷേത്രവിശ്വാസമില്ലാത്തവരാണ് അവിശ്വാസികൾ. യേശുദാസിനെപ്പോലുള്ള ക്ഷേത്രവിശ്വാസികളെ അഹിന്ദു എന്നുപറഞ്ഞ് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തത് അപരിഷ്‌കൃതസമീപനമാണ്. മൻസിയയ്ക്ക് ഭരതനാട്യം അവതരിപ്പിക്കാൻ അനുമതിനൽകണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

മൻസിയക്ക് മതത്തിന്റെപേരിൽ ഭരതനാട്യം അവതരിപ്പിക്കാൻ അവസരം നിഷേധിച്ച കൂടൽമാണിക്യം ക്ഷേത്ര അധികാരികളുടെ നടപടിയിൽ കേരള യുക്തിവാദിസംഘം സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. ആചാരങ്ങൾ കാലോചിതമായി പരിഷ്‌കരിക്കാൻ തയ്യാറാകണമെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാനകമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോട്, ജനറൽ സെക്രട്ടറി ടികെ ശക്തീധരൻ എന്നിവർ ആവശ്യപ്പെട്ടു. മത-ജാതി-ലിംഗ ഭ്രഷ്ടുകൾക്കെതിരേ നിയമനിർമാണം ഉണ്ടാകണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനപ്രസിഡന്റ് ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ ആവശ്യപ്പെട്ടു.

കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള യോഗ്യത കലാപ്രവർത്തനത്തിനുള്ള നൈപുണ്യമായിരിക്കണം. അതിനാൽ ദേവസന്നിധിയിൽ കലാപരിപാടി അവതരിപ്പിക്കാൻ അവരെ അനുവദിക്കണമെന്നും ദേവസ്വംതീരുമാനം പുനഃപരിശോധിക്കണം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. രമേശ് കൂട്ടാല, തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി സിസി സുരേഷ് എന്നിവർ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോന് കത്തുനൽകി.

also read- അത്തർ ഖാനുമായി പിരിഞ്ഞ ഐഎഎസ് ഓഫീസർ ടീന ദാബി വീണ്ടും വിവാഹിതയാകുന്നു; വൈറലായി ചിത്രങ്ങൾ

സർക്കാർ നിയന്ത്രണത്തിലുള്ള കൂടൽമാണിക്യ ക്ഷേത്രത്തിൽ ശാസ്ത്രീയനൃത്തം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ മൻസിയയെ പ്രോത്സാഹിപ്പിക്കാനും പിന്തുണ നൽകാനും വിശ്വഹിന്ദുപരിഷത്ത് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വിആർ രാജശേഖരനും അറിയിച്ചു.

അഹിന്ദുക്കൾ എന്ന് പറയുന്നതുതന്നെ ശരിയല്ല. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന ദേവസ്വംബോർഡ് തീരുമാനം ക്ഷേത്രവിരുദ്ധമാണ്.

Exit mobile version