രാഹുലിനും രഞ്ജിത്തിനും അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ തന്നെ വീട്: സഹായ ഹസ്തവുമായി ‘ഫിലോകാലിയ’; വീടിന് തറക്കല്ലിട്ടു

നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതികള്‍ സംഭവത്തിലെ രാജന്‍ അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ഒടുവില്‍ വീടൊരുങ്ങുന്നു. ചാലക്കുടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടനയാണ് രാഹുലിനും രഞ്ജിത്തിനും അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ തന്നെ വീടൊരുക്കുന്നത്. ‘ഫിലോകാലിയ’ ചെയര്‍മാന്‍ മാരിയോ ജോസഫിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോടെ വീടിന് തറക്കല്ലിട്ടു.

2020 ഡിസംബര്‍ 22ന് ആണ്, നെയ്യാറ്റിന്‍കര വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജനും ഭാര്യ അമ്പിളിയും കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മക്കളില്‍ മൂത്ത മകന്‍ ആര്‍ രാഹുല്‍ രാജിന് നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കിയിരുന്നു. ഇതിനു പിന്നാലെ വീടും ലഭിക്കുന്നുവെന്ന വാര്‍ത്ത രാഹുലിനും രഞ്ജിത്തിനും ഇവര്‍ക്കൊപ്പം താമസിക്കുന്ന രാജന്റെ മാതാവിനും ഇരട്ടി മധുരമായി.

രാജന്റെയും അമ്പിളിയുടെയും മരണത്തിനു ശേഷം ഇവര്‍ താമസിക്കുന്ന ഭൂമി ഏറ്റെടുത്ത് അവിടെ വീടു നിര്‍മിച്ചു നല്‍കുമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. വീടു നിര്‍മിക്കാനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം അവസാനിക്കാത്ത സാഹചര്യത്തില്‍ നിര്‍മാണം നടന്നില്ല.

കുട്ടികളുടെ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞെത്തിയ അവര്‍ ഞായറാഴ്ചയാണ് രാഹുലിനെയും രഞ്ജിത്തിനെയും തേടിയെത്തിയത്. വാഗ്ദാനം നല്‍കി ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീടു നിര്‍മാണത്തിനു തറക്കല്ലിടല്‍ നടത്തുകയും ചെയ്തു. ഇന്നു മുതല്‍ പണി തുടങ്ങുമെന്ന് സംഘാടകര്‍ പറഞ്ഞു. സന്നദ്ധ സംഘടനയുടെ ‘കൂട്’ എന്ന പദ്ധതി പ്രകാരം നിര്‍മിക്കുന്ന 31ാമത്തെ വീടാണിതെന്നും അവര്‍ അറിയിച്ചു.

മൂന്നു സെന്റില്‍ 600 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടു നിര്‍മിക്കുന്നത്. 2 ബെഡ് റൂം, ഹാള്‍, അടുക്കള, ഉള്‍പ്പെടെയുള്ള വീടിന്റെ മേല്‍ക്കൂര ടെറസ് ആണ്. തറയില്‍ ടൈല്‍ പാകും. 3 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം നില നില്‍ക്കുന്നതിനാല്‍ വൈദ്യുതി ലഭിക്കാന്‍ ഇടയില്ല. ഇതിനു വേണ്ടി ഒന്നര ലക്ഷം രൂപ മുടക്കി സോളര്‍ പാനല്‍ പാകി വീടിനു വേണ്ട വൈദ്യുതി കണ്ടെത്താനാണു തീരുമാനം. തറക്കല്ലിടല്‍ ചടങ്ങിനു സന്നദ്ധ സംഘടന മാനേജിങ് ഡയറക്ടര്‍ ജിജി മാരിയോ, ജനറല്‍ മാനേജര്‍ സന്തോഷ് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Exit mobile version