‘ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത്’; പോലീസിനെ തിരിച്ചെടുത്ത നടപടിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയം

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പോലീസുകാരെ സര്‍വീസിലേക്ക് തിരിച്ചെടുത്ത നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരിക്ഷകനായ അഡ്വക്കേറ്റ് ജയശങ്കര്‍. ഇനി പോലീസിലിരുന്നു കൊണ്ട് തന്നെ പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകള്‍ മായിച്ചു കളയുകയും ചെയ്യാമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

‘ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയം. ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുതെന്ന്’ ജയശങ്കര്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘വരാപ്പുഴ ലോക്കപ്പില്‍ ഏമാന്റെ ചവിട്ടേറ്റു മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്ക് 10ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും കൊടുത്ത് സര്‍ക്കാര്‍ മഹാമനസ്‌കത തെളിയിച്ചു.

ഏഴു മാസത്തിനു ശേഷം ഏഴു പ്രതികളെയും സര്‍വീസില്‍ തിരിച്ചെടുത്തു കൊണ്ട് സര്‍ക്കാര്‍ ഇതാ വീണ്ടും മഹാമനസ്‌കത തെളിയിച്ചിരിക്കുന്നു. പ്രതിസ്ഥാനത്ത് പേരു വരാതെ തടി രക്ഷിച്ച ആലുവാ റൂറല്‍ എസ്പിയെ കഴിഞ്ഞ പ്രളയത്തിനിടയില്‍ തിരിച്ചെടുത്തിരുന്നു.

ഇനി പോലീസിലിരുന്നു കൊണ്ടുതന്നെ പ്രതികള്‍ക്ക് സാക്ഷികളെ സ്വാധീനിക്കാം, തെളിവുകള്‍ തേച്ചുമായ്ച്ചു കളയാം.

ഇരകള്‍ക്കും പ്രതികള്‍ക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സര്‍ക്കാരിന്റെ പോലീസ് നയം. ആയിരം നിരപരാധികള്‍ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത്.

കണ്ടിട്ടില്ല, ഞാനീവിധം മലര്‍ച്ചെണ്ടു പോലുള്ള മാനസം…’

Exit mobile version