മോഷ്ടിച്ച വാഹനത്തിന് പിഴയടച്ചു, കള്ളന്‍ സ്‌പോട്ടില്‍ പിടിയില്‍; ഉടമയ്ക്ക് വാഹനം തിരികെ

കല്‍പ്പറ്റ: മോഷ്ടിച്ച വാഹനത്തിന് പിഴയടച്ചതോടെ മോഷ്ടാവ് കുടുങ്ങി. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയ ഇരുചക്രവാഹനമാണ് ഉടമയ്ക്ക് തിരിച്ചുകിട്ടിയത്.

മോഷ്ടാവിനെ പിടികൂടാന്‍ കാരണമായത് ആര്‍ടിഒ അധികൃതരുടെ വാഹന പരിശോധനയാണ്. പരിവാഹന്‍ ഡേറ്റ ബേസില്‍ വാഹനമുടമ നിലവിലെ മൊബൈല്‍ നമ്പര്‍ അപ് ലോഡ് ചെയ്തതിനാലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും തന്ത്രപരമായ നീക്കത്തിനൊടുവില്‍ മോഷ്ടാവിനെ പിടികൂടാനായത്.

ഫെബ്രുവരി 24ന് വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം എം.വി.ഐ സുധിന്‍ ഗോപി, എ.എം.വി.ഐമാരായ ഗോപീകൃഷ്ണന്‍, ടി.എ. സുമേഷ് എന്നിവര്‍ ലക്കിടിയില്‍ വാഹന പരിശോധന നടത്തിയിരുന്നു.

ഈ സമയം അതുവഴി വന്ന KL-11AT 5290 സുസുക്കി അക്‌സസ് ഇരുചക്രവാഹന ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപ ചുമത്തുകയും ചെയ്തു. പരിവാഹന്‍ ഡേറ്റ ബേസില്‍ വാഹനമുടമ മൊബൈല്‍ നമ്പര്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍.ടി.ഒ പരിശോധന റിപ്പോര്‍ട്ട് വാഹന ഉടമയ്ക്കും വാഹനമോടിച്ചയാള്‍ക്കും മെസേജായി ലഭിക്കും.

വാഹന ഉടമയ്ക്ക് മൊബൈലില്‍ മെസേജ് ലഭിച്ചപ്പോള്‍ തന്റെ മോഷണം പോയ വാഹനത്തിന് വയനാട്ടിലെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പിഴ ചുമത്തിയതായി മനസ്സിലാവുകയും ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍, എ.എം.വി.ഐ ഗോപീകൃഷ്ണനെ ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.

നിരവധി നര്‍കോട്ടിക് കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ കഴിഞ്ഞ് വീണ്ടും മയക്കുമരുന്ന് കാരിയറായും കച്ചവടക്കാരനുമായി തുടര്‍ന്ന് വരുകയായിരുന്ന അടിവാരം സ്വദേശി ഷാജി വര്‍ഗീസാണ് (43) പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

നിലവില്‍ മറ്റൊരാളില്‍ നിന്ന് വാഹനം വാങ്ങുന്നയാള്‍ ആര്‍സി ഉടമയുടെ പേര് മാറ്റുന്നതോടൊപ്പം തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ ഡേറ്റ ബേസില്‍ അപ് ലോഡ് ചെയ്യുന്നത് അപൂര്‍വമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അതിനാല്‍, മറ്റൊരാളില്‍ നിന്ന് വാഹനം വാങ്ങിയവര്‍ ഉള്‍പ്പെടെ എല്ലാ വാഹന ഉടമകളും നിലവിലെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ ഡേറ്റ ബേസില്‍ അപ് ലോഡ് ചെയ്യണമെന്ന് വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.

Exit mobile version