മഞ്ജു വാര്യരുടെ സ്‌നേഹ സ്പര്‍ശം..! വിദ്യയ്ക്കും അമ്മയ്ക്കും കൂടപ്പിറപ്പുകള്‍ക്കും ഇനി ധൈര്യമായി ഉറങ്ങാം; പുതിയ വീടിന്റെ പാലുകാച്ചല്‍ ഇന്ന്, സാക്ഷ്യം വഹിക്കാന്‍ മഞ്ജുവും

റാന്നി: മഞ്ജു വാര്യരുടെ സ്‌നേഹത്തിന്റെ ആഴം മനസിലാക്കി വിദ്യയും കുടുംബവും. മാറിമാറി താമസിച്ചുവന്ന വാടകവീടുകളില്‍നിന്നു മഞ്ജു ഇവരെ കരകയറ്റി. വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്ത് മനോഹരമായ കൊച്ചുവീട് വിദ്യയുടെ സ്വപ്‌നം യാഥാര്‍ത്ഥമാക്കി നടി. വീടിന്റെ പാലുകാച്ചല്‍ ഇന്നാണ് ഈ കര്‍മ്മത്തിന് സാക്ഷ്യം വഹിക്കാന്‍ മഞ്ജു വാര്യരും എത്തും.

2015-ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് മഞ്ജു വാര്യര്‍ വീട് വെക്കാന്‍ സഹായം പ്രഖ്യാപിച്ചിരുന്നു. പല കുട്ടികളുടേയും അവസ്ഥ കണ്ട് അവരില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്ന 4 കുട്ടികള്‍ക്കാ
ണ് നടി വീട് വാഗ്ദാനം ചെയ്തത്.

റാന്നി വടശ്ശേരിക്കര ചരിവുകാലായില്‍ ചന്ദ്രികാദേവിയുടെ മൂന്നു പെണ്‍മക്കളില്‍ ഇളയവളാണ് വിദ്യ. അച്ഛന്‍ ചെറുപ്പത്തിലേ കുടംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. വടശ്ശേരിക്കര ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപം പുറമ്പോക്കു സ്ഥലത്തു ചായക്കട നടത്തിയാണ് ചന്ദ്രികാദേവി കുടുംബം പോറ്റിയിരുന്നത്. നിരവധിപേരുടെ സഹായത്തോടെയാണ് കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നത്. രോഗിയായ ചന്ദ്രികാദേവിക്കു ചികിത്സച്ചെലവും കണ്ടെത്തേണ്ടിവന്നു. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ്, നൃത്തയിനങ്ങളില്‍ കഴിവുതെളിയിച്ചിരുന്ന വിദ്യക്ക് വീടു നിര്‍മിച്ചുനല്‍കാനും ചികിത്സാസഹായം നല്‍കാനും മഞ്ജു വാര്യര്‍ തയ്യാറായത്.

വിദ്യയുടെ നഴ്‌സായ ചേച്ചി സമ്പാദിച്ച പണം ചേര്‍ത്ത് അഞ്ചുസെന്റ് സ്ഥലം വാങ്ങുകയായിരുന്നുവെന്ന് ചന്ദ്രികാദേവി പറഞ്ഞു. പത്തുമാസം മുമ്പാണ് സ്ഥലം ലഭിച്ചത്. പിന്നീടു വേഗത്തില്‍ വീട് പൂര്‍ത്തിയാക്കിത്തന്നു. ചെന്നൈ എംജെ ജാനകി കോളേജിലെ ബിഎ ഭരതനാട്യം വിദ്യാര്‍ത്ഥിനിയാണിപ്പോള്‍ വിദ്യ. നൃത്തപഠനച്ചെലവും അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള പണവും, കണ്ടനാള്‍മുതല്‍ മഞ്ജു വാര്യര്‍ നല്‍കിവരുന്നതായി വിദ്യ പറഞ്ഞു. പാലുകാച്ചിന് മഞ്ജുച്ചേച്ചി എത്തുന്നതും കാത്തിരിക്കുകയാണ് വിദ്യയും കുടുംബാംഗങ്ങളും.

Exit mobile version