‘കിടിലന്‍’ഡയലോഗുകള്‍ മാത്രം പറഞ്ഞ് കൈയ്യടി വാങ്ങിക്കൂട്ടിയ ആളല്ലേ? ആ വായക്ക് ചേരില്ല ഇമ്മാതിരി പ്രാക്കുകള്‍… ആളുകള്‍ ചിരിക്കും; ‘ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടേ’ സുരേഷ് ഗോപിയുടെ ശാപവാക്കുകള്‍ക്ക് മറുപടിയുമായി ശാരദക്കുട്ടി

ആകാശത്തിലിട്ടുരുട്ടുന്ന മട്ടില്‍ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്ന എല്ലാ തലയുടെയും കാര്യം ഇത്രയൊക്കെയേ ഉള്ളു എന്നാണ് മരണമെന്ന ദാര്‍ശനിക സത്യത്തെക്കുറിച്ചറിയാവുന്നവര്‍ പറയുന്നത്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് സമാധാനം തിരിച്ച് നല്‍കി ഈ വൃത്തികെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണമെന്നും ദൈവികമായ സമരങ്ങളെ താലിബാനുമായി കൂട്ടിച്ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടേയെന്നുമുള്ള നടനും എംപിയുമായ സുരേഷ് ഗോപിയുടെ പ്രാക്കിന് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി.

രണ്‍ജി പണിക്കരെ പോലുള്ളവരെഴുതിവെച്ച കിടിലന്‍’ഡയലോഗുകള്‍ മാത്രം പറഞ്ഞ് കൈയ്യടി വാങ്ങിക്കൂട്ടിയ സുരേഷ് ഗോപിക്ക് ഇമ്മാതിരി പ്രാക്കുകള്‍ ചേരില്ലയെന്നും, ആളുകള്‍ ചിരിക്കുമെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘തിലകം ചാര്‍ത്തി ചീകിയുമഴകായ്
പല നാള്‍ പോറ്റിയ പുണ്യ ശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ വില പിടിയാത്തൊരു തലയോടായി’

സുരേഷ് ഗോപിയോടാണ്.ചുടലപ്പറമ്പിനെ കുറിച്ചാണ്. ചുടലയില്‍ ഒടുങ്ങേണ്ടവരെക്കുറിച്ചാണ്.

ആകാശത്തിലിട്ടുരുട്ടുന്ന മട്ടില്‍ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്ന എല്ലാ തലയുടെയും കാര്യം ഇത്രയൊക്കെയേ ഉള്ളു എന്നാണ് മരണമെന്ന ദാര്‍ശനിക സത്യത്തെക്കുറിച്ചറിയാവുന്നവര്‍ പറയുന്നത്.

തിരുനൈനാര്‍ കുറിച്ചി മാധവന്‍ നായര്‍ ഹരിശ്ചന്ദ്ര സിനിമക്കു വേണ്ടി എഴുതി കമുകറ പുരുഷോത്തമന്‍ പാടിയ ആത്മവിദ്യാലയമേ എന്ന ഗാനത്തിലെ ചില വരികള്‍ കൂടി താങ്കളെ ഓര്‍മ്മിപ്പിക്കട്ടെ.

‘ ഇല്ലാ ജാതികള്‍ ഭേദ വിചാരം
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം
മന്നവനാട്ടേ യാചകനാട്ടെ
വന്നിടുമൊടുവില്‍ വന്‍ ചിത നടുവില്‍’

അതു കൊണ്ട് ശപിക്കരുത്. മഹാഭാരതത്തില്‍ കൃഷ്ണനോട്, ‘നീയും നിന്റെ വംശവും മുടിഞ്ഞു പോകു’മെന്നു ശപിച്ച ഗാന്ധാരിയെ നോക്കി കൃഷ്ണന്‍ ചിരിച്ച ഒരു ചിരിയുണ്ട്. ഇതിഹാസത്തില്‍ വ്യാസന്‍ അടയാളപ്പെടുത്തിയ ചിരി.

‘ മേഞ്ഞയിടത്തു തന്നെയാണല്ലോ അമ്മേ നിങ്ങള്‍ മേയുന്നത്’ എന്നാണ് കുട്ടിക്കൃഷ്ണ മാരാര്‍ ആ ചിരിയുടെ അര്‍ഥം അടയാളപ്പെടുത്തിയത്.

മരണത്തെക്കുറിച്ചാണ്. ചുടലയില്‍ ഒടുങ്ങുന്നതിനെ കുറിച്ചാണ്. ഭാരതീയ ജനതാപാര്‍ടിയല്ലേ, അതൊക്കെ ഒന്നെടുത്തു വായിക്കുന്നത് പ്രയോജനപ്പെടും.

രണ്‍ജി പണിക്കരെ പോലുള്ളവരെഴുതി വെച്ച ‘കിടിലന്‍’ഡയലോഗുകള്‍ മാത്രം പറഞ്ഞ് കൈയ്യടി വാങ്ങിക്കൂട്ടിയ ആളല്ലേ? ആ വായക്ക് ചേരില്ല ഇമ്മാതിരി പ്രാക്കുകള്‍. ആളുകള്‍ ചിരിക്കും.

ട. ശാരദക്കുട്ടി
26.12.2018’

Exit mobile version