കടം കയറിയ വീട് ജപ്തി ചെയ്യാനെത്തി: ദുരിത ജീവിതം കണ്ട് മനസ്സലിഞ്ഞു; ശശിയ്ക്കും അമ്മയ്ക്കും ‘സ്‌നേഹവീട്’ പണിത് നല്‍കി എസ്ബിഐ ജീവനക്കാര്‍

കോഴിക്കോട്: കടം കയറിയ വീട് ജപ്തി ചെയ്യാനെത്തി, വീടു തന്നെ നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് എസ്ബിഐ ജീവനക്കാര്‍. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശിയ്ക്കും അമ്മയ്ക്കും ആണ് ബാങ്ക് ജീവനക്കാരുടെ കാരുണ്യത്തില്‍ സ്‌നേഹവീട് ഒരുങ്ങിയത്.

ഒരു വര്‍ഷം മുന്‍പ് ജപ്തി ചെയ്യാനെത്തിയപ്പോള്‍ വീട്ടിലെ നിസഹായവസ്ഥ കണ്ട്, അന്ന് അമ്മയോട് ബാങ്ക് മാനേജര്‍ ചോദിച്ചു ‘ശുചിമുറി പോലുമില്ലാത്ത ഈ വീട്ടില്‍ അമ്മയെങ്ങനെയാണു പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്?’, ‘രാത്രിയാവാന്‍ ഞാന്‍ കാത്തുനില്‍ക്കും സാറേ’ എന്നായിരുന്നു ആ അമ്മയുടെ മറുപടി.

അവരുടെ വിഷമം കണ്ട മാനേജര്‍ക്ക് അന്ന് വീടിന്റെ ജപ്തിക്കാര്യം അവരോട് പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം തിരികെ എസ്ബിഐ കൊയിലാണ്ടി എസ്എംഇ ശാഖയിലെത്തി സംഭവം സഹപ്രവര്‍ത്തകരോടു പറഞ്ഞു.

അങ്ങനെ ആ കാരുണ്യമാണ് ഒരു വര്‍ഷത്തിനിപ്പുറം ആ അമ്മയ്ക്കും, പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന മകനും സ്വസ്ഥമായുറങ്ങാന്‍ ശുചിമുറിയും മേല്‍ക്കൂരയുമുള്ള വീടുണ്ടാക്കി നല്‍കിയിരിക്കുന്നത്. ബാങ്കിലെ ഒന്‍പതു ജീവനക്കാര്‍ സ്വന്തം കയ്യില്‍ നിന്നു കാശെടുത്ത് പണിതു കൊടുത്തതാണ് ആ സ്‌നേഹവീട്.

ബാഗ് നിര്‍മാണ സംരംഭം തുടങ്ങാനാണ് കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശി 5 വര്‍ഷം മുന്‍പ് 50,000 രൂപ വായ്പയെടുത്തത്. എന്നാല്‍ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളര്‍ന്നുപോയതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി.

Read Also:സുഭദ്രാമ്മയുടെ കണ്ണീരൊപ്പിയ ‘ദേവി’ മോഹനന്‍ വൈദ്യരുടെ ഭാര്യ: സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയത് വലിയ കാര്യമല്ലെന്ന് ശ്രീലത

ജീവിക്കാന്‍ ഒരു വഴിയുമില്ലാതായ ശശിക്ക് ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയേറ്റീവ് കെയറും ചേര്‍ന്ന് ഇട്ടുകൊടുത്ത ചെറിയ കട മാത്രമായിരുന്നു ആശ്രയം. 70,000 രൂപയോളം വായ്പ തിരിച്ചടവുള്ള ശശിയുടെ വീടുതേടി 2021 ഫെബ്രുവരിയിലാണ് എസ്ബിഐ കൊയിലാണ്ടി എസ്എംഇ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ എം മുരഹരി എത്തിയത്. ശുചിമുറി പോലുമില്ലാത്ത ആ വീട് ജപ്തി ചെയ്യാന്‍ മാനേജര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മനസ്സു വന്നില്ല.

2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയില്‍ ഇളവുകള്‍ക്കുശേഷമുള്ള 7000 രൂപ ജീവനക്കാര്‍ കയ്യില്‍ നിന്നെടുത്ത് അടച്ചുതീര്‍ത്തു.

പിന്നീടു ബാങ്കിലെ ജീവനക്കാര്‍ ചേര്‍ന്ന്, വീടു പുതുക്കി പണിയാന്‍ പണം കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ തന്നെയാണ് റോഡില്‍ നിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേല്‍ക്കൂര മാറ്റി. അടുക്കള കോണ്‍ക്രീറ്റ് ചെയ്തു. ശുചിമുറിയും പണിത് അടച്ചുറപ്പും അടിസ്ഥാനസൗകര്യങ്ങളും ഉള്ള വീട് തിരിച്ചുനല്‍കി.

Exit mobile version