അഭിരാമിയുടെ നെഞ്ചോട് ചേർന്ന് കിടന്ന് റയാൻ; 5 പേർക്കും നാട് കണ്ണീരോടെ വിടചൊല്ലി, ഒന്നുമറിയാതെ മരണത്തോട് മല്ലടിച്ച് നിഹുൽ ആശുപത്രിയിലും

തിരുവനന്തപുരം: വർക്കലയിൽ തീപിടിത്തത്തിൽ മരിച്ച കുടുംബത്തിലെ അഞ്ചു പേർക്ക് നാട് കണ്ണീരോടെ വിടചൊല്ലി. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഹിൽ (25), രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് 5 ആംബുലൻസുകളിൽ വിലാപയാത്രയായി വർക്കലയിലെത്തിച്ച മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

മിനിമം ചാർജ് 10 രൂപ പോരാ, 12 രൂപയാക്കണം! വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കണം; വീണ്ടും വർധവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് അനിശ്ചിതകാല സമരത്തിലേയ്ക്ക്

വർക്കലയിലെത്തിച്ച മൃതദേഹങ്ങൾ പ്രതാപന്റെ കടയുടെ മുന്നിൽ അൽപനേരം പൊതുദർശനത്തിനു വച്ചു. പിന്നീട് വീടിന് അരകിലോമീറ്റർ അകലെയെത്തിയപ്പോൾ നാട്ടുകാരും പരിചയക്കാരും കാൽനടയായി ആംബുലൻസിനെ അനുഗമിച്ചു. അഭിരാമിയെയും മകൻ റയാനെയും ഒരു പെട്ടിയിലാണ് സംസ്‌കരിച്ചത്. അഭിരാമിയുടെ ദേഹത്ത് ചേർന്നു കിടക്കുന്ന തരത്തിലാണ് റയാന്റെ മൃതദേഹം കിടത്തിയിരുന്നത്. അഭിരാമിയുടെ അച്ഛൻ അന്ത്യകർമങ്ങൾ നിർവഹിച്ചു. നിഹുൽ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുകയാണ്. മൂത്തമകൻ രാഹുലും കുടുംബവും വിദേശത്തായിരുന്നു.

പ്രതാപന്റെയും ഭാര്യ ഷെർലിയുടെയും ഇളയ മകൻ അഹിലിന്റെയും മൃതദേഹങ്ങൾ അടുത്തടുത്തായാണ് ദഹിപ്പിച്ചത്. മൂത്ത മകൻ രാഹുൽ ആണ് മാതാപിതാക്കൾക്ക് അന്ത്യകർമം നടത്തിയത്. രാഹുലിന്റെ മകനാണ് അഹിലിന്റെ അന്ത്യകർമം ചെയ്തത്. അതേസമയം, തീ പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാം നിലയിലെ ശുചിമുറിയിലാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്.

പ്രതാപന്റെയും ഷേർലിയുടെയും മൃതദേഹം താഴത്തെ മുറിയിലും ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയത്. മൂന്നു മക്കളിൽ രണ്ടാമനും അപകടത്തിൽ രക്ഷപ്പെട്ടയാളുമായ നിഹുലും മുകളിലത്തെ നിലയിലായിരുന്നു. മുകളിലത്തെ നിലയിൽ കാര്യമായി തീപിടിച്ചിട്ടില്ല. ചില ഭാഗങ്ങളിലെ കർട്ടനുകൾ മാത്രം കത്തിയിട്ടുണ്ട്. താഴത്തെ നിലയിൽനിന്ന് പുക മുകളിലേക്ക് ഉയർന്ന് ശ്വാസംമുട്ടിയാണ് രണ്ടാം നിലയിലുണ്ടായിരുന്നവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version