അനാഥത്വത്തിലേക്ക്! ‘എന്നെ ആര്‍ക്കും വേണ്ടേ’ ആ കുഞ്ഞിളം കണ്ണുകള്‍ ചോദിക്കുന്നു: ഏറ്റെടുക്കാതെ നിസ്സഹായരായി ബന്ധുക്കള്‍

തിരുവനന്തപുരം: 20 ദിവസങ്ങള്‍ക്ക് മുമ്പ് അച്ഛന്റെയും അമ്മയുടെ കരുതലിലേക്കാണ് അവള്‍ എത്തിയത്, പക്ഷേ വിധി അവളെ അനാഥത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ‘എന്നെ ആര്‍ക്കും വേണ്ടേ’, പാല്‍ മണം പോലും മാറാത്ത ആ കുഞ്ഞിളം കണ്ണുകള്‍ ചുറ്റിനുമുള്ളവരോട് ചോദിക്കുന്നതിതാണ്. നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ദമ്പതിമാരുടെ അനാഥയായ പെണ്‍കുഞ്ഞിനെയാണ് അനാഥത്വം പിടിമുറുക്കുന്നത്.

ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്, ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്. മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുപോലും ഇരുവരുടെയും ബന്ധുക്കള്‍ ഈ കുഞ്ഞുജീവനെ വേണ്ടെന്നു പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടാണ് നെയ്യാറ്റിന്‍കര അത്താഴമംഗലം കവളാകുളത്ത് വാടകവീട്ടില്‍ പെയിന്റിങ് തൊഴിലാളിയായ ഷിജു സ്റ്റീഫ(45)നെയും ഭാര്യ പ്രമീള(37) യെയും ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ 20 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ അവശനിലയിലും കണ്ടെത്തി. കുഞ്ഞിനൊരു പേരിടാന്‍ പോലും കാത്തുനില്‍ക്കാതെയാണ് അച്ഛനമ്മമാര്‍ വിടപറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.

മരണവിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ചൊവ്വാഴ്ച ഇരുവരുടെയും ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു. പോലീസ് പരിശോധനയ്ക്കിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. ആത്മഹത്യ നടന്ന വീട്ടില്‍ കയറാന്‍ സ്ത്രീകളാരും തയ്യാറാകാത്തതിനെത്തുടര്‍ന്ന് അടുത്ത വാര്‍ഡിലെ വനിതാ കൗണ്‍സിലറായ സൗമ്യയെ പോലീസ് വിളിച്ചുവരുത്തി. കുഞ്ഞിന് പാല്‍പ്പൊടിയുമായെത്തിയ ഇവര്‍ അതു കലക്കി നല്‍കി കരച്ചില്‍ മാറ്റി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ വനിതാ പോലീസ് അജിതയും ഒപ്പംകൂടി.

അവശയായിരുന്ന കുഞ്ഞിനെ പിന്നീട് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതിനെത്തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ശിശുക്ഷേമസമിതിയെ വിവരമറിയിക്കുകയായിരുന്നു. സിഡബ്ല്യുയുസിയുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയതോടെ ശിശുക്ഷേമസമിതി കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായി. തിങ്കളാഴ്ച രാത്രി തന്നെ കുഞ്ഞ് ശിശുക്ഷേമസമിതിയിലെത്തി. അമ്മത്തൊട്ടില്‍ വഴി കിട്ടിയതല്ലാത്തതിനാല്‍ കുഞ്ഞിന് ഒരു പേരിടാന്‍ പോലും ശിശുക്ഷേമസമിതി അധികൃതര്‍ക്ക് നിയമപരമായി ആവില്ല.

Exit mobile version