പ്രാണപ്രിയ ‘ജീവന്‍’ പകുത്തുനല്‍കി: സുബീഷ് ആറുവര്‍ഷത്തിന് ശേഷം വീണ്ടും ചിരിച്ചു

ഗാന്ധിനഗര്‍: ആറുവര്‍ഷത്തിന് ശേഷം സുബീഷ് വീണ്ടും ചിരിച്ചു, പ്രാണപ്രിയ പകുത്ത് നല്‍കിയ ജീവന്റെ കരുത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ തൃശ്ശൂര്‍ വേലൂര്‍ വട്ടേക്കാട്ട് വീട്ടില്‍ സുബീഷ് (40)ന് ഇത് രണ്ടാം ജന്മമാണ്.

സ്വകാര്യ ആശുപത്രിയില്‍ 45 ലക്ഷത്തിനു മുകളിലാണ് ചെലവ് പറഞ്ഞത്. ജീവിതം വഴിമുട്ടിയിട്ടും എല്ലാം മനസ്സിലൊതുക്കി ജീവിച്ചു. ഒടുവില്‍ ജീവിക്കാനുള്ള പ്രതീക്ഷയും അസ്തമിച്ചുനില്‍ക്കുമ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വന്ന് ഡോക്ടറെ കാണുന്നത്.

‘ഒരു പ്രതീക്ഷയും ഇല്ലാതെ തടസ്സങ്ങള്‍ പലത് മറികടന്ന് ശസ്ത്രക്രിയ പൂര്‍ത്തിയായപ്പോള്‍ രണ്ടാംജന്മമാണ് ലഭിച്ചത്. എല്ലാവര്‍ക്കും നന്ദി.’ സഹോദരി സുമയുടെ വാക്കുകളില്‍ സാന്തോഷത്തിന്റെ തെളിച്ചം. ‘സുബീഷിന്റെ കണ്ണിലെ മഞ്ഞനിറം മാറി. ശരീരം ശരിയായി. എല്ലാം നല്ലതിന്”- സുമ പറയുന്നു.

സുബീഷിനെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗത്തിലേക്കു മാറ്റി. ഒരാഴ്ചയ്ക്കുള്ളില്‍ സുബീഷിന് ആശുപത്രി വിടാനാവും. കഴിഞ്ഞ 14 നാണു സുബീഷി (42) ന് ഭാര്യ പ്രവിജ (39) ആണ് കരള്‍ ദാനം നടത്തിയത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയയായിരുന്നു ഇത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാര്‍ ഇന്നലെ ഇരുവരെയും പരിശോധിച്ച് ആരോഗ്യനിലയില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി.

അണുബാധ ഏല്‍ക്കാതിരിക്കാന്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നു ഡോ. ജയകുമാര്‍ പ്രവിജയോടും ബന്ധുക്കളോടും നിര്‍ദേശിച്ചു. പ്രവിജയ്ക്കും സുബീഷിനും നീണ്ട ചികിത്സ ആവശ്യമായതിനാല്‍ ഇവര്‍ക്കു താമസിക്കുന്നതിനായി മെഡിക്കല്‍ കോളജിനു സമീപം വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇവിടേക്കാണു പ്രവിജയെ മാറ്റിയത്.

ബിജീഷിന് അണുബാധ സാധ്യതയും മാറ്റിവച്ച കരള്‍ പുറന്തള്ളാനുള്ള സാധ്യതയുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സുബീഷിനെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗത്തില്‍ നിരീക്ഷിക്കുന്നത്.

Exit mobile version