ഉമ്മാ എന്നെ അറിയില്ലേ..? ഞാന്‍ ഹംസയുടെ കൂട്ടുകാരനാണ്! മകന്റെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് വൃദ്ധയുടെ മൂന്നര പവന്റെ മാല അടിച്ചുമാറ്റി കടന്നുകളഞ്ഞു

ഏലൂര്‍: മകന്റെ കൂട്ടുകാരനെന്ന് തെറ്റിധരിപ്പിച്ച് വൃദ്ധയുടെ മൂന്നരപ്പവന്റെ സ്വര്‍ണ്ണമാല യുവാവ് കവര്‍ന്നു. മുപ്പത്തടം കണ്ടമംഗലത്ത് കളരിപ്പറമ്പ് ഐഷ (72) യുടെ മാലയാണ് നഷ്ടപ്പെട്ടത്. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഇഎസ്‌ഐസി ആശുപത്രിയില്‍ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി പോവുന്നതിനിടെയാണ് മോഷണം നടന്നത്. ആശുപത്രിയില്‍ വച്ച് അടുത്തുകൂടിയ യുവാവ് വീട്ടിലെ വിശേഷങ്ങള്‍ തിരക്കുകയും, ഉമ്മ എന്നെ അറിയില്ലേ… ഞാന്‍ ഉമ്മാടെ വീടിനടുത്ത് താമസിക്കുന്ന ഹംസയുടെ മകനാണ് എന്നു പറഞ്ഞ് സൗഹൃദം നടിച്ച് കവര്‍ച്ചയ്ക്ക് കളമൊരുക്കുകയായിരുലന്നു. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പണിതുകൊടുക്കുന്ന ആളാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്.

തന്റെ വീടിനും പ്രളയത്തില്‍പ്പെട്ട് നാശം സംഭവിച്ചിരിക്കുകയാണെന്നും ഇളയ മകന്‍ നിഷാദിന്റെ കൂടെയാണ് കഴിയുന്നതെന്നും ഐഷ പറഞ്ഞതോടെ പിടിവള്ളി കിട്ടിയ യുവാവ് ഐഷയില്‍നിന്ന് കുടുംബ കാര്യങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് മകന്‍ നിഷാദിന്റെ നമ്പര്‍ ചോദിച്ചു. നിഷാദ് വീടിന്റെ കാര്യം എന്നോട് പറഞ്ഞില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ഐഷ മൊബൈല്‍ ഫോണ്‍ യുവാവിന് നല്‍കി, മകന്‍ നിഷാദിന്റെ നമ്പര്‍ ഇതിലുണ്ടെന്നു പറഞ്ഞു. മാല കൈക്കലാക്കാന്‍ ഉദ്ദേശിച്ച തട്ടിപ്പുകാരന്‍ ഉടനെ നിഷാദുമായി സംസാരിക്കുന്ന പോലെ ഫോണില്‍ സംസാരിക്കുകയും 6,000 രൂപ അങ്കമാലിയില്‍ അടച്ചാല്‍ സൗജന്യമായി വീട് പണിതു തരും. നീ പണം എത്തിച്ചു തരൂ, ഇന്നുവരെയേ സമയമുള്ളൂ എന്നും പറഞ്ഞ് ഫോണ്‍ ഐഷയുടെ കൈയിലേക്ക് തിരികെ കൊടുത്തു.

നിഷാദാണ് സംസാരിക്കുന്നത് എന്നുപറഞ്ഞ് ഫോണിലുണ്ടായിരുന്നയാള്‍- ‘ഇപ്പോള്‍ 6,000 രൂപ എന്റെ കൈയിലില്ല, ഉമ്മയുടെ മാല അവന് കൊടുക്കൂ, അവന്‍ പണയം വച്ചിട്ട് പണം അടയ്ക്കട്ടെ. നമുക്കൊരു വീട് പണിതു കിട്ടുമല്ലോ. ബാക്കി കാര്യമെല്ലാം ഞാന്‍ വൈകീട്ട് വന്നിട്ട് സംസാരിക്കാം’ എന്നു പറയുകയായിരുന്നു. ഇത് വിശ്വസിച്ച ഐഷ മാല ഊരി കൊടുക്കുകയും പിന്നീട് വീട്ടിലെത്തി മകനോട് വിവരം പറഞ്ഞപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിയുന്നതും. സംഭവത്തില്‍ കുടുംബം ഏലൂര്‍ പോലീസില്‍ പരാതി നല്‍കി.

Exit mobile version