സംഗീതജ്ഞനാകണം! പ്രാരാബ്ധങ്ങള്‍ക്കിടയിലും സംഗീത തപസ്യ കൈവിടാതെ അതിഥി തൊഴിലാളി: യൂട്യൂബ് നോക്കി പുല്ലാങ്കുഴല്‍ പഠിച്ച് താരമായി അല്‍പി നായക്‌

ഒറ്റപ്പാലം: ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും സംഗീതം ഒരു തപസ്യയാണ് അതിഥി തൊഴിലാളിയായ അല്‍പി നായകിന്. യൂട്യൂബ് നോക്കി പുല്ലാങ്കുഴല്‍ പഠിച്ച് ശ്രദ്ധ നേടുകയാണ് അല്‍പി. ഒറ്റപ്പാലത്തെ ഹോട്ടല്‍ ശ്രീലക്ഷ്മിയിലെ ശുചീകരണ തൊഴിലാളിയാണ് ഇരുപത്തിയഞ്ചുകാരനായ അല്‍പി.

ഒഡീഷയിലെ ഫുല്‍വാനി ജില്ലയിലെ പൊക്കാരി സ്വദേശിയാണ് അല്‍പി. യൂട്യൂബ് നോക്കിയാണ് അല്‍പി സംഗീതം പഠിച്ചത്. ശാസ്ത്രീയമായ പഠനത്തിന് പണവും സമയവുമില്ലാത്തതാണ് അല്‍പി യൂട്യൂബിനെ ആശ്രയിച്ചത്.

ഹോട്ടലിനോടു ചേര്‍ന്ന മുറിയില്‍ നിന്ന് രാത്രികാലങ്ങളില്‍ കേള്‍ക്കാം ശ്രുതി മധുരമായ ഒഡീഷി സംഗീതം. അല്‍പിയുടെ സാധകമാണിത്. രാത്രി ഒന്‍പതരയോടെ ഹോട്ടല്‍ ജോലി തീര്‍ന്നാല്‍ ഒരു മണിക്കൂറോളമാണ് പരിശീലനം. സ്വര സ്ഥാനങ്ങളും ആരോഹണ അവരോഹണങ്ങളുമെല്ലാം പഠിച്ചത് യൂട്യൂബ് നോക്കി.

മൂന്നു വര്‍ഷം മുന്‍പ് ചെറിയ പുല്ലാങ്കുഴലിലായിരുന്നു തുടക്കം. പഠനം മുന്നോട്ടു പോയതോടെ പലതരത്തിലുള്ള പുല്ലാങ്കുഴലുകള്‍ വാങ്ങേണ്ടി വന്നു. നിലവില്‍ വ്യത്യസ്തങ്ങളായ ആറ് പുല്ലാങ്കുഴലുകള്‍ കൈവശമുണ്ട്. നാമമാത്രമായ വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ച് ഇരുപതിനായിരത്തോളം രൂപ ചെലവഴിച്ചു. ശാസ്ത്രീയമായ പഠനം പൂര്‍ത്തിയാക്കി സംഗീതജ്ഞനാകണമെന്നാണ് അല്‍പി നായകിന്റെ മോഹം.

Exit mobile version