തീപ്പൊള്ളലേറ്റ പോലെ വേദന, കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍: 30 വയല്‍ ആന്റിവെനം മഞ്ജുളയ്ക്ക് ജീവിതം തിരിച്ചുനല്‍കി; വാവ സുരേഷിന്റേതിന് സമാനമായ അതിജീവനം

കണ്ണൂര്‍: മൂര്‍ഖന്റെ കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട് ജീവിതം തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് കണ്ണൂര്‍ സ്വദേശിന് മഞ്ജുള. ‘ഇതെന്റെ രണ്ടാം ജന്മമാണ്. ഇവര്‍ക്കെല്ലാം എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.’ ആശുപത്രിക്കിടക്കയില്‍ നിന്നും മഞ്ജുള പറയുന്നു. മൂര്‍ഖന്റെ കടിയേറ്റ് മൂന്നു ദിവസം അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് മഞ്ജുളയുടെ തിരിച്ചുവരവ്.

വാവാ സുരേഷ് കോട്ടയം മെഡിക്കല്‍ കോളജിലെ പരിചരണത്തില്‍ ജീവിതത്തിലേക്കു തിരികെക്കയറിയ ദിവസങ്ങളിലാണ് കണ്ണൂരിലെ ജില്ലാ ആശുപത്രി വെന്റിലേറ്ററില്‍ മഞ്ജുളയും രണ്ടാം ജന്മത്തിലേക്ക് കണ്ണു തുറന്നത്.

കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് 44 വയസ്സുള്ള പി മഞ്ജുള. 3ന് രാവിലെ ചക്കരക്കല്ലിലെ വാടകവീട്ടില്‍ നിന്നും റോഡിലേക്കു തിരക്കിട്ട് ഇറങ്ങുമ്പോഴായിരുന്നു കാലില്‍ തീപ്പൊള്ളലേറ്റപോലൊരു വേദന. മൂര്‍ഖന്‍ കടിച്ചതാണ്.

മുന്‍പും രണ്ടു മൂന്നു തവണ ആ പരിസരത്ത് പാമ്പിനെ കണ്ടിരുന്നു. ചവിട്ടിപ്പോയപ്പോഴാണു കടിയേറ്റത്. പാമ്പ് അപ്പോള്‍ത്തന്നെ ഇഴഞ്ഞു മറഞ്ഞു. കടിയേറ്റെന്നു മനസ്സിലായതോടെ വീട്ടിലേക്കു കയറി സുഹൃത്തിനെ ഫോണില്‍ വിളിച്ചു. സുഹൃത്തിന്റെ ബൈക്കില്‍ ചക്കരക്കല്ലില്‍ എത്തി. അവിടെ നിന്ന് 108 ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക്.

അപ്പോഴേക്കും കണ്‍മുന്നിലുള്ളതെല്ലാം രണ്ടായി കാണാന്‍ തുടങ്ങിയിരുന്നു. ആംബുലന്‍സില്‍ കയറുമ്പോഴേക്കും ബോധം പോയി. പിന്നെ മൂന്നാം ദിവസമാണ് കണ്ണു തുറന്നത്. 30 വയല്‍ ആന്റിവെനം നല്‍കേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബുധനാഴ്ചയാണ് വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിലെ ഡോ.നവനീത്, ഡോ.നുസ്‌റത്ത്, ഡോ.രാകേഷ്, ഡോ.അഭിലാഷ്, ഡോ.വൈശാഖ്, ഡോ.നിധിന്‍, ഡോ.ലത, ഡോ.രോഹിത് രാജ് തുടങ്ങിയവരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘവും വെന്റിലേറ്ററിലും ഐസിയുവിലും കണ്ണിമചിമ്മാതെ പരിചരിച്ച നഴ്‌സിങ് ജീവനക്കാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കരുതലുമാണ് മഞ്ജുളയ്ക്കു രണ്ടാം ജന്മമേകിയത്.

ജില്ലാ ആശുപത്രി സൂപ്രണ്ട് വി.കെ.രാജീവനും ഡപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ലേഖയും ആര്‍എംഒ ഡോ.സി.വി.ടി.ഇസ്മയിലും അരികിലെത്തി വിവരങ്ങള്‍ തിരക്കുമ്പോള്‍ കൈകള്‍ കൂപ്പി, നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജുള എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ചെറിയ ശ്വാസതടസ്സമുള്ളതിനാല്‍ കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും.

Exit mobile version