നിര്‍ത്താതെ കുരച്ചും പുഴക്കരയിലേക്ക് ഓടിയും പാണ്ഡു: ഉടമസ്ഥന് അപകട സൂചന നല്‍കി; പുഴയില്‍ മുങ്ങിത്താണ യുവാവിന് ജീവിതം തിരിച്ചുനല്‍കി വളര്‍ത്തുനായ

പറവൂര്‍: പുഴയില്‍ മുങ്ങിത്താണ യുവാവിന് രക്ഷകനായി വളര്‍ത്തുനായ. സുഭാഷിന്റെ വളര്‍ത്തുനായ പാണ്ഡുവിന്റെ കരുതലില്‍ പെരുമ്പടന്ന മാട്ടുമ്മല്‍ രമേശിനാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

നിര്‍ത്താതെ പ്രത്യേക ശബ്ദത്തില്‍ കുരച്ച്, വീടിനുമ്മറത്തേക്കും പുഴയരികിലേക്കും ഓടിയോടി നടന്നും പാണ്ഡു ഉടമസ്ഥനായ സുഭാഷിന് അപകട സൂചന നല്‍കി. പുഴയരികിലേക്ക് എത്തിച്ചു.

ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. ചെറായി പാലത്തിനു സമീപമായിരുന്നു സംഭവം. ചെളി വെള്ളം നിറഞ്ഞ പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന മനുഷ്യ ജീവനാണ് മുന്നില്‍ കണ്ടത്. പുറത്തു കാണുന്നത് കൈകള്‍ മാത്രം. പിന്നെ ഒരു നിമിഷം പോലും സുഭാഷ് പാഴാക്കിയില്ല. പുഴയിലേക്ക് എടുത്തുചാടി അപകടത്തില്‍പ്പെട്ടയാളെ കരയ്ക്ക് എത്തിച്ചു. സുഭാഷിന്റെ വീട് പുഴയരികിലാണ്.

പെരുമ്പടന്ന മാട്ടുമ്മല്‍ രമേശനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. രാത്രി ഒരു വിവാഹപാര്‍ട്ടി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങിയ രമേശന്റെ വാഹനം നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് പുഴയിലേക്ക് തെറിച്ചുവീണത്.

കരയ്‌ക്കെത്തിച്ച രമേശന് കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നല്‍കി. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സിവില്‍ ഡിഫന്‍സ് പറവൂര്‍ യൂണിറ്റ് അംഗമാണ് തുരുത്തിയില്‍ വീട്ടില്‍ സുഭാഷ് (56). ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള പരിശീലനവും സിദ്ധിച്ചിട്ടുണ്ട്.

പറവൂര്‍ നഗരസഭയിലെ കില ഫാക്കല്‍റ്റി കൂടിയാണ്. കളമശ്ശരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രമേശന്‍ സുഖം പ്രാപിച്ചുവരുന്നു.

Exit mobile version