ദക്ഷിണാഫ്രിക്കയിൽ വെച്ച് കടലിൽ വീണെന്ന് വിവരം മാത്രം; രണ്ടു വർഷമായി എബിയെ കാത്തിരുന്ന് ഈ അമ്മ; എന്തുപറ്റിയെന്നെങ്കിലും അറിയിക്കണമെന്ന അപേക്ഷ മാത്രം

പാപ്പനംകോട്: ചരക്കുകപ്പലിൽ ജീവനക്കാരനായിരുന്ന മകനെ ദക്ഷിണാഫ്രിക്കയിൽ വച്ച് കാണാതായെന്ന വിവരം മാത്രമാണ് രണ്ട് വർഷങ്ങൾക്കിപ്പുറവും ഈ അമ്മയ്ക്ക് അറിയാവുന്നത്. മകനെ ഇതുവരെ കണ്ടെത്തിയിട്ടില്ല, എന്തുപറ്റിയെന്ന് സർക്കാരോ അധികൃതരോ അറിയിച്ചിട്ടുമില്ല. കണ്ണീരോടെ മകൻ വരുന്നതിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ കുടുംബം.

പാപ്പനംകോട് സ്വദേശി എബി ചന്ദ്രൻ ഗ്ലോസം എന്ന ചരക്കുകപ്പലിൽ ജീവനക്കാരനായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് 2020ൽ പോയ എബിയെ കുറിച്ചാണ് ഒരു വിവരവുമില്ലാത്തത്. കടലിൽ വീണ് കാണാതായി എന്നറിയിച്ചതല്ലാതെ എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരണമില്ലെന്നാണ് കുടുംബം പറയുന്നത്.

കാണാതായി എന്ന് വിധിയെഴുതി തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഈ അമ്മയ്ക്ക് പ്രതീക്ഷ കൈവിടാനാകുന്നില്ല. കുടുംബത്തിന്റെ തണലായിരുന്ന മകനെ നഷ്ടമായതോടെ നീറിനീറി ജീവിക്കകയാണ് ഈ അമ്മ. 2020 മാർച്ച് 9 നാണ് മുപ്പതുകാരനായ എബി ചന്ദ്രൻ വിശാഖപട്ടണത്ത് നിന്നും കപ്പൽ കയറുന്നത്. നാല് മാസങ്ങൾക്ക് ശേഷം ആദ്യമറിഞ്ഞത് കപ്പലിന് ഒരപകടം സംഭവിച്ചെന്നായിരുന്നു. പിന്നീടാണ് എബിയും മുംബൈ സ്വദേശി സുഹൃത്തും കപ്പലിൽ നിന്ന് കടലിലേക്ക് വീണു പോയതാണെന്നറിയുന്നത്. സുഹൃത്ത് നീന്തി രക്ഷപെട്ടെങ്കിലും എബിയെ കണ്ടെത്തിയില്ലെന്നും പിന്നീട് അറിയിച്ചു.

ALSO READ- പുരുഷന്മാരായ വൈദികർക്ക് കൂടുതൽ പരിഗണന; ആഡംബര ജീവിതത്തിന് സ്‌കൂൾ പ്രിൻസിപ്പാളായ കന്യാസ്ത്രീ വെട്ടിച്ചത് 8.35 ലക്ഷം; ഒടുവിൽ മാപ്പ് പറച്ചിൽ; തടവ് വിധിച്ച് കോടതി

കാണാതാവുന്നതിന് രണ്ട് ദിവസം മുൻപ് വിളിച്ചപ്പോൾ ദക്ഷിണാഫ്രിക്കയിലെ മൊറീഷ്യസ് എന്ന സ്ഥലത്താണുള്ളതെന്നാണ് അറിയിച്ചത്. മകനെ കണ്ടെത്താനായി സഹായം തേടി മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കുമടക്കം അച്ഛൻ രാമചന്ദ്രൻ പലതവണ പരാതി നൽകി.

also read- സജീവന്റെ ജീവത്യാഗത്തിൽ കണ്ണുതുറന്ന് അധികൃതർ; നാല് സെന്റ് ഭൂമി തരം മാറ്റിയതിന്റെ രേഖകളുമായി കളക്ടർ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി

കാണാതായി എന്ന വിവരത്തിനപ്പുറം ഏതെങ്കിലും ഒരു ദിവസം മകൻ മടങ്ങിയെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. അല്ലങ്കിൽ എന്താണ് സംഭവിച്ചതെന്നെങ്കിലും കൃത്യമായി അറിയണമെന്ന് ഈ കുടുംബം പറയുന്നു.

Exit mobile version