ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ അകത്തായി, ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും ക്രൂരത: സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പ് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ചശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ദിലീപിനെ കോടതി ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ഭാര്യക്കൊപ്പം താമസിച്ച് വരവെയാണ് വീണ്ടും ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഭാര്യ ജോലിക്ക് പോകുന്നതിന്റെ പേരിലായിരുന്നു രണ്ടുവര്‍ഷം മുമ്പുള്ള ക്രൂരമായ മര്‍ദനം. മുഖമാകെ ചോരയിലൊപ്പിച്ച് നില്‍ക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ദിലീപ് തന്നെയാണ് അന്ന് മൊബൈലില്‍ ചിത്രീകരിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു ഓട്ടോ ഡ്രൈവറായ ദിലീപ് ഭാര്യയെ ക്രൂരമായി അന്ന് മര്‍ദ്ദിച്ചത്. ഈ കേസില്‍
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഭാര്യയുമായി ഒന്നിച്ചു കഴിയുകയായിരുന്നു.

ALSO READ ചക്രവാതച്ചുഴി: കേരളത്തില്‍ മഴ കനക്കും, 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇതിനിടെ സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണം പറഞ്ഞായിരുന്നു വീണ്ടും മര്‍ദ്ദനം. മദ്യപിച്ചെത്തിയ ദിലീപ്, ഭാര്യയുടെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മര്‍ദ്ദനം സഹിക്കാതെ വന്നതോടെ യുവതി മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കി. വീണ്ടും പോലീസ് ദിലീപിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.

Exit mobile version