‘മുഖത്ത് ബൂട്ടിട്ട് ചവിട്ടിയ പാട്; ബന്ധം പിരിയാൻ പറഞ്ഞപ്പോൾ കിരണിനെ ഒത്തിരി ഇഷ്ടമാണെന്നായിരുന്നു അവളുടെ മറുപടി’ കോടതി മുറിയിലെ മൊഴികൾ

Dowry issue | Bignewslive

കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ നേരിട്ട പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ വാദം തുടരുന്നു. ഇപ്പോൾ വിസ്മയയുടെ അടുത്ത കൂട്ടുകാരി വിദ്യയുടെയും മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരാവത്തിന്റെയും മൊഴികളാണ് കേരളത്തെ വേദനിപ്പിക്കുന്നത്. സ്ത്രീധനമായി നൽകിയ കാറിന്റെയും സ്വർണത്തിന്റെയും പേരിൽ ഭർത്താവ് കിരൺ പീഡിപ്പിക്കുന്ന കാര്യം വിസ്മയ തന്നോടു പറഞ്ഞിരുന്നതായി വിദ്യ കോടതിയിൽ മൊഴി നൽകി.

ബാക്കി സ്ത്രീധനം ലഭിച്ച ശേഷമേ കിരൺ കൂട്ടിക്കൊണ്ടു പോവുകയുള്ളൂയെന്നും വീട്ടിൽ നിർത്തി പോയിരിക്കുകയാണെന്നും വിസ്മയ പറഞ്ഞതായും നാലാം സാക്ഷിയായ വിദ്യ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെഎൻ. സുജിത്ത് മുൻപാകെയാണ് മൊഴി നൽകിയത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹത്തിനു കണ്ടപ്പോഴാണ് സങ്കടങ്ങളെല്ലാം തുറന്നു പറഞ്ഞതെന്നും വിദ്യ പറയുന്നു.

വിജിത്തിന്റെ വിവാഹം കഴിഞ്ഞ് വിസ്മയ, കിരണിന്റെ വീട്ടിൽ പോയ ശേഷം വാട്‌സാപ്പിലും ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്തിരുന്നു. എന്നാൽ, കിരൺ വരുമ്പോൾ വിസ്മയ സംസാരിക്കാറില്ല. കിരണിന്റെ മുന്നിൽ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുവെന്നും ചാറ്റ് ചെയ്തിരുന്നതായും വിദ്യ വെളിപ്പെടുത്തി. എങ്ങനെയെങ്കിലും കിരണിന്റെ വീട്ടിൽ നിന്നു പോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായും വിദ്യ പറയുന്നു. വിസ്മയയുമായി സംസാരിച്ചത് അവരുടെ വിവാഹ വാർഷിക ദിനമായ 2021 മേയ് 31ന് ആണ്. സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറഞ്ഞു കരഞ്ഞുവെന്നും വിദ്യ പറഞ്ഞു.

സ്വകാര്യത സംരക്ഷിക്കണം! ദയ കാണിക്കണമെന്ന് കോടതിയോട് ദിലീപ്: തിങ്കളാഴ്ച രാവിലെ തന്ന ഫോണുകള്‍ ഹാജരാക്കണമെന്ന് കോടതി

അതേസമയം, 2021 ഫെബ്രുവരി 26നു ഫേസ്ബുക് വഴി സംസാരിക്കണമെന്നു പറഞ്ഞു വിസ്മയ വിളിക്കുകയും അടുത്തദിവസം ഗൂഗിൾ മീറ്റ് വഴി താനുമായി സംസാരിക്കുകയും ചെയ്തുവെന്ന് മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരാവത്തും പറഞ്ഞു. പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് വിസ്മയ ആദ്യം പറഞ്ഞത്. കാരണം അന്വേഷിച്ചപ്പോൾ സ്ത്രീധനത്തിനു വേണ്ടി ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള പീഡനമാണെന്നു മനസ്സിലായി.

വിസ്മയയുടെ മുഖത്ത് കിരൺ ബൂട്ട് കൊണ്ടു ചവിട്ടിയതായും പറഞ്ഞു. ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തെക്കുറിച്ചു ചിന്തിക്കാത്തത് എന്താണെന്നു ചോദിച്ചപ്പോൾ കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടിയെന്നും നിപിൻ പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ബന്ധപ്പെടാൻ പറയുകയും നമ്പർ നൽകിയതായും സാക്ഷി മൊഴി നൽകി. സ്ത്രീധനം ലഭിച്ച കാർ പോരെന്ന് പറഞ്ഞായിരുന്നു മോട്ടോർ വെഹിക്കൾ അസി. ഇൻസ്‌പെക്ടറായ കിരൺ കുമാർ വിസ്മയയെ മർദ്ദിച്ചിരുന്നത്. സ്ത്രീധനത്തെ തുടർന്നുള്ള പീഡനത്തിൽ മനംനൊന്താണ് വിസ്മയ ജീവനൊടുക്കിയതെന്ന് തെളിഞ്ഞതോടെ കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

Exit mobile version