‘പര്‍ദ്ദ കണ്ട് ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ ഒരുവനും ഇല്ലേ കേരളത്തില്‍’: ഫാത്തിമ തഹ്ലിയ

കോഴിക്കോട്: മുസ്ലിമായതിന്റെ പേരില്‍ പോലീസ് അനാവശ്യമായി തന്നേയും കുടുംബത്തേയും തടഞ്ഞുവെച്ചെന്ന യുവാവിന്റെ ആരോപണത്തില്‍ പ്രതികരിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.

പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തിലെന്ന് തഹ്ലിയ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

‘കോടിയേരി ബാലകൃഷ്ണനാണ് കേരള പോലീസില്‍ സംഘപരിവാറിന് സ്വാധീനമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. അത് അങ്ങനെ തന്നെയാണെന്ന് അക്കമിട്ട് പറയാന്‍ പറ്റുന്ന അത്രയും സംഭവങ്ങള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തില്‍?’ തഹ്ലിയ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, തനിക്കും മാതാവിനും കേരളാ പോലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതായുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നത്.

ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങനെ കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്‌സല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

Exit mobile version