പാവങ്ങളുടെ സ്വാമി ഇനി ഓര്‍മ്മ: 260ലേറെ നിര്‍ധനര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയ സായിറാം ഭട്ട് യാത്രയായി

കാസര്‍ഗോഡ്: ജീവിതം പാവങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് (85) ഓര്‍മ്മയായി. നിര്‍ധനര്‍ക്ക് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയ പാവങ്ങളുടെ സ്വാമിയായിരുന്നു സായിറാം. ബദിയഡുക്ക കിളിങ്കാര്‍ നടുമനയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖത്തില്‍ വിശ്രമത്തിലായിരുന്നു. പാരമ്പര്യ വൈദ്യവും കൃഷിയും സാമൂഹ്യ പ്രവര്‍ത്തനവുമായി ഈയടുത്ത കാലം വരെ സജീവമായിരുന്നു.

ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു സായിറാം. നിര്‍ധനരായ 260 ഓളം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് തയ്യല്‍ മെഷിനുകള്‍, ഓട്ടോറിക്ഷ, നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി, സമൂഹ വിവാഹങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യഭ്യാസ സഹായം തുടങ്ങി സമാനതകളില്ലാത്ത സേവനങ്ങളാണ് സായിറാം കാസര്‍കോട്ടുകാര്‍ക്ക് വേണ്ടി ചെയ്തത്.

ബദിയടുക്ക സീതാംഗോളിയിലെ പരമ്പരാഗത കാര്‍ഷിക കുടുംബത്തിലായിരുന്നു ജനനം. കൃഷിയിലെ വരുമാനത്തിനൊപ്പം ജ്യോതിഷത്തിലും ആയുര്‍വേദ ചികിത്സയിലും കിട്ടുന്ന പണവും അദ്ദേഹം കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു. സ്വാമി എന്നാണ് നാട്ടുകാര്‍ സ്നേഹത്തോടെ സായ്റാം ഗോപാലകൃഷ്ണ ഭട്ടിനെ വിളിച്ചിരുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഒട്ടേറെ അവാര്‍ഡുകളും ബഹുമതികളും അദ്ദേഹത്തെതേടിയെത്തിയിരുന്നു.

1995ല്‍ കാലവര്‍ഷക്കെടുതിയില്‍ വീടു തകര്‍ന്ന സീതാംഗോളിയിലെ അബ്ബാസിന് വീട് നിര്‍മിച്ച് നല്‍കിയാണ് സേവന ജീവിതം ആരംഭിച്ചത്. കനത്ത മഴയില്‍ വീടിന് മുന്നില്‍ സഹായം അഭ്യര്‍ഥിച്ചാണ് അബ്ബാസ് എത്തിയത്. കാറ്റില്‍ പറന്നുപോയ വീടിന്റെ മേല്‍ക്കൂര നന്നാക്കാന്‍, തോട്ടത്തിലെ കവുങ്ങ് വെട്ടി നല്‍കണം എന്നായിരുന്നു അബ്ബാസിന്റെ അഭ്യര്‍ഥന. എന്നാല്‍ സായിറാം ഭട്ട്, വീടിന്റെ നിര്‍മാണ ചുമതല തന്നെ ഏറ്റെടുത്ത്, പുതിയ വീട് നിര്‍മിച്ചു നല്‍കി. കുടുംബസമേതം കാശിക്ക് പോകാന്‍ സ്വരൂപിച്ച തുക കൊണ്ടാണ് വീട് പണിതത്.

പിന്നീടതൊരു തുടക്കമായി. അമ്പതാം വയസില്‍ തുടങ്ങിയ സേവന ജീവിതം മുന്നുറോളം പേര്‍ക്ക് തണലായി. ഗുണമേന്മ ഉറപ്പാക്കാന്‍ പറ്റാത്തതിനാല്‍ നിര്‍മാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകള്‍ മനസ്സിലാക്കിലാക്കിയായിരുന്നു ഓരോ വീടും സായിറാം നിര്‍മിച്ച് നല്‍കിയത്. വീടിനുള്ള മരപ്പണി ഏറ്റെടുത്ത് നടത്താന്‍ വീടിനടുത്ത് തന്നെ മരനിര്‍മ്മാണശാലയും നടത്തി.

Exit mobile version