വളർത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തിൽ കുരുങ്ങി; ശബ്ദം പോലും പുറത്തുവന്നില്ല! 10 വയസുകാരൻ പിടഞ്ഞു മരിച്ചതറിയാതെ കുടുംബം!

വളാഞ്ചേരി: വളർത്തുപൂച്ചയെ കെട്ടിയിടുന്ന ചങ്ങല കഴുത്തിൽ കുരുങ്ങി 10 വയസുകാരൻ പിടഞ്ഞ് മരിച്ചു. പാരമ്പര്യവൈദ്യൻ ഉമറുൽ ഫാറൂഖിന്റെയും ഖമറുന്നീസയുടെയും മകൻ അഫ്നാസാണ് മരിച്ചത്. കാടാമ്പുഴ മാറാക്കരയ്ക്കടുത്ത് കുട്ടാടുമ്മലാണ് സംഭവം.

അടുക്കളഭാഗത്ത് വാതിലിനോടുചേർന്ന് രണ്ട് ഇഴകളായി തൂക്കിയിട്ട ചങ്ങലയിൽ കഴുത്തിട്ട് പടികൾക്കുമുകളിൽ കയറിനിന്ന് കളിക്കുന്നതിനിടെ കാൽതെറ്റി അഫ്‌നാസൻ വീണു. വീഴ്ചയിൽ ചങ്ങല കഴുത്തിൽ കുടുങ്ങുകയായിരുന്നു.

ഈ സമയം, വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും കുട്ടിയുടെ ശബ്ദം പുറത്തുവരാത്തതിനാൽ ആരുടേയും ശ്രദ്ധയിൽപ്പെടാത്തതാണ് ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. കുറച്ചുസമയത്തിനുശേഷം ഉമ്മയാണ് മകൻ ചങ്ങലയിൽ തൂങ്ങിനിൽക്കുന്നതു കണ്ടത്. വീട്ടിലുള്ളവരും ഓടിക്കൂടിയ അയൽക്കാരും ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും അഫ്‌നാസിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കാടാമ്പുഴ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Exit mobile version