നൃത്തവും സംഗീതവും ഒന്നായി: ഇനിയുള്ള യാത്ര ശ്യാമിന്റെ കൈപിടിച്ച്; മന്‍സിയയ്ക്ക് മനംപോലെ മാംഗല്യം

മലപ്പുറം: ശാസ്ത്രീയ നൃത്തം പഠിച്ചതിന് മതമൗലികവാദികള്‍ ഊരുവിലക്കിയ
നര്‍ത്തകി മന്‍സിയ വിപി വിവാഹിതയായി. സംഗീതകലാകാരന്‍ ശ്യാം കല്യാണ്‍ ആണ് വരന്‍. ഇരു വീട്ടുകാരുടേയും ആശീര്‍വാദത്തോടെയായിരുന്നു വിവാഹം.

ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ മുസ്ലിം പള്ളിക്കമ്മിറ്റിയില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഊരുവിലക്ക് നേരിട്ട നര്‍ത്തകിയാണ് മന്‍സിയ. ജീവിതത്തിലുട നീളം ഏറെ പ്രതിസന്ധികളിലൂടെയാണ് മന്‍സിയ കടന്നുപോയത്.

യുവജനോത്സവ വേദികളില്‍ നിറസാന്നിധ്യമായിരുന്നു മന്‍സിയയും സഹോദരി റൂബിയയും. ക്ഷേത്രകലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ മലപ്പുറം വള്ളുവമ്പ്രം പള്ളിക്കമ്മിറ്റി മന്‍സിയയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. മക്കളുടെ നൃത്തപഠനത്തിന് മികച്ച പിന്തുണയായിരുന്നു മാതാപിതാക്കള്‍ നല്‍കിയത്. മന്‍സിയയുടെ മാതാവ് മരിച്ചപ്പോള്‍ പോലും മൃതദേഹം കബറടക്കാന്‍ പോലും മതനേതൃത്വം അനുവദിച്ചില്ല.

അതേസമയം, ഊരുവിലക്കിയ സ്വന്തം നാട്ടില്‍ തന്നെ ആഗ്‌നേയ എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങിയാണ് മന്‍സിയ മതമൗലിക വാദികള്‍ക്ക് മറുപടി നല്‍കിയത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നിവയാണ് മന്‍സിയ അവതരിപ്പിക്കുന്നത്.

അപ്പൊ ഈ കോവിഡ് കാലത്ത് ചെറുതായി ഒന്ന് കല്യാണം കഴിക്കുകയാണ്. ഇനിയുള്ള യാത്രയില്‍ ശ്യാം കല്യാണിന്റെ കൈപിടിച്ച് നടക്കാന്‍ രണ്ടു വീട്ടുകാരുടെ ഒപ്പം ഞങ്ങളും അങ്ങ് തീരുമാനിച്ചു എന്നായിരുന്നു മന്‍സിയ വിവാഹത്തെക്കുറിച്ച് കുറിച്ചത്.

ശ്യാമിനൊപ്പമുള്ള ചിത്രങ്ങളും മന്‍സിയ പോസ്റ്റ് ചെയ്തിരുന്നു. സംഗീത കലാകാരനാണ് ശ്യാം. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചെറുപ്പം മുതല്‍ മനസ്സില്‍ കലയെ നെഞ്ചേറ്റിയ മന്‍സിയ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നീ നൃത്തങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു.

എന്നാല്‍ ഇസ്ലാമായ പെണ്‍കുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്ന് വാദിച്ച മതമൗലികവാദികള്‍ മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും ലക്ഷ്യം വച്ചു. അവര്‍ മതശാസനം നല്‍കി. തുടര്‍ന്ന് ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഇവര്‍ അനുവദിച്ചില്ല. കലാജീവിതത്തില്‍ മതം തടസമാകുമെന്ന കണ്ട മന്‍സിയ ഇസ്ലാമിക ജീവിത രീതികള്‍ തന്നെ ഉപേക്ഷിച്ചു.

Exit mobile version