നീതുവിന്റെ അതിബുദ്ധി, കാമുകനെ നഷ്ടപ്പെടാതിരിക്കാന്‍: മോഷ്ടിച്ച കുഞ്ഞിന്റെ ഫോട്ടോ അയച്ചുകൊടുത്തു; സംഭവത്തില്‍ ബാദുഷയ്ക്ക് പങ്കില്ലെന്ന് പോലീസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തതില്‍ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്ക് പങ്കില്ലെന്ന് കോട്ടയം എസ്പി ഡി ശില്‍പ. ഡോക്ടറുടെ കോട്ട് ഉള്‍പ്പെടെ നീതു സ്വന്തമായി വാങ്ങിയതാണെന്നും എസ്പി പറഞ്ഞു.

കാമുകന്‍ വിട്ടുപോകാതിരിക്കാനാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചത്. ബാദുഷയുടെ കുട്ടിയാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
അബോര്‍ഷനായ വിവരം കാമുകന്‍ ഇബ്രാഹിം ബാദുഷയെ അറിയിച്ചില്ല. പകരം കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. കുട്ടിയുടെ ചിത്രം നീതു അയച്ചുകൊടുത്തു. ഇബ്രാഹിമിന്റെ ബന്ധുക്കളെ വീഡിയോകോളിലൂടെ കുട്ടിയെ കാണിച്ച് കൊടുക്കുകയും ചെയ്തു.

ജനുവരി നാലാം തീയതി നീതു കോട്ടയത്ത് എത്തിയിരുന്നു. ഇവിടെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ആശുപത്രിയില്‍ നിന്ന് കടത്തിയ കുട്ടിയെ ലോഡ്ജില്‍ എത്തിച്ചശേഷം ചിത്രമെടുത്ത് ഇബ്രാഹിമിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇബ്രാഹിമുമായുള്ള ബന്ധം നിലനിര്‍ത്താനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തന്റേയും ഇബ്രാഹിമിന്റേയും കുട്ടിയാണെന്ന് പറഞ്ഞാണ് ചിത്രം അയച്ചുകൊടുത്തത്.

മറ്റൊരു വിവാഹബന്ധത്തിലേക്ക് ഇബ്രാഹിം പോകുന്നത് തടയാനും ബ്ലാക്മെയില്‍ ചെയ്യാനുമാണ് നീതു ഇത്തരമൊരു കൃത്യം ചെയ്തത്. തന്റെ കുട്ടിയായി വളര്‍ത്താന്‍ തന്നെയായിരുന്നു നീതുവിന്റെ പദ്ധതി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇബ്രാഹിമിനെ പ്രതി ചേര്‍ത്തിട്ടില്ല.
അതേസമയം, നീതുവില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയ കേസില്‍ ഉള്‍പ്പടെ ഇബ്രാഹിമിനെതിരെ വേറെ കേസെടുത്തേക്കുമെന്ന് പോലീസ് വ്യക്തമാക്കി.
നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്ക് വഴിയാണ്. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇതു മറച്ചുവെച്ച് താന്‍ വിവാഹമോചിതയാണെന്ന് ഇബ്രാഹിമിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായത് ഇതിനു ശേഷമാണ്.

നീതു ഗര്‍ഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭര്‍ത്താവിനും അറിയാമായിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്.

Exit mobile version