കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുന്നു, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയ്ക്ക് ശക്തി പകരാന്‍ കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുന്നു. നിലവില്‍ മിസോറം ഗവര്‍ണറാണ് അദ്ദേഹം. ഈ സ്ഥാനം രാജിവെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് സൂചന. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ് കുമ്മനത്തെ തിരികെ എത്തിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ മുരളീധരനോട് തോറ്റെങ്കിലും ടിഎന്‍ സീമയെപ്പോലെ തലയെടുപ്പുളള ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മല്‍സരിച്ചതുകൊണ്ടാണ്.

നേരത്തെ ബിജെപിക്ക് ഒരു സ്‌പേസ് കിട്ടുക എന്നത് വളരെ പാടായിരുന്നു എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ കുറേക്കൂടി അനുകൂലമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതേസമയം കുമ്മനവും തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

2014 ല്‍ കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ രാജിവെച്ച് ലോക്‌സഭാ തിഞ്ഞെടുപ്പില്‍ ഔറംഗബാദില്‍ നിന്ന് മല്‍സരിച്ചിരുന്നു. അതുപോലെ കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സ്ഥാനാര്‍ഥിയായാല്‍ വളരെ ശക്തമായ ത്രികോണമല്‍സരമാകും ഈ മണ്ഡലത്തില്‍.

Exit mobile version