ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്രയുടെ ‘ഥാർ’ പരസ്യലേലത്തിന്

തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ പരസ്യലേലത്തിന് . ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് പുതിയ തീരുമാനം അറിയിച്ചത്. ഈ മാസം 18 നാണ് ഥാർ ലേലത്തിന് വയ്ക്കുക.

ഭക്തരിൽ ആർക്കും ലേലത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചു. വൈകീട്ട് മൂന്ന് മണിയോടെ ആയിരിക്കും ലേലം ആരംഭിക്കുക.കാണിക്കയായി ലഭിച്ച ഥാർ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിനായി വ്യാഴാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലാണ് വാഹനം ലേലത്തിൽ വയ്ക്കാൻ തീരുമാനമുണ്ടായത്.ഇക്കഴിഞ്ഞ ഡിസംബർ 4ന് ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് ദേവസ്വത്തിന് കൈമാറിയത്.

മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവരും ചടങ്ങിന്റെ ഭാഗമായിരുന്നു.

വാഹന വിപണിയിൽ തരംഗമാണ ഫോർ വീൽ ഡ്രൈവ് വാഹനമാണ് ഥാർ. ഈ വാഹനത്തിന്റെ ലിമിറ്റഡ് എഡിഷനായ റെഡ് കളർ ഡീസൽ ഒപ്ഷനാണ് കാണിക്കയായി സമർപ്പിക്കപ്പെട്ടത്. 2020 ഒക്ടോബർ രണ്ടിനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്യുവിയെ വിപണിയിൽ അവതരിപ്പിച്ചത്

Exit mobile version